ഒരു ആശയത്തെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ് ഹ്രസ്വചിത്രങ്ങളിലൂടെ അതിന്റെ സംവിധായകന് ചെയ്യുന്നത്. ചുരുങ്ങിയ വാക്കുകളിലൂടെ, ദൃശ്യങ്ങളിലൂടെ, ശബ്ദങ്ങളിലൂടെയെല്ലാം സമന്വയിപ്പിക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങളുമായി തങ്ങളുടെ പ്രതിഭ തെളിയിക്കുന്നവരിലേറെയും യുവാക്കളാണ്. അധികം മുതല്‍ മുടക്കില്ലാത്തെ ചങ്ങാതിക്കൂട്ടങ്ങളുടെ ഇടയില്‍ നിന്നും രൂപംകൊള്ളുന്നവ. പ്രണയവും വിരഹവും പരിസ്ഥിതി സംരക്ഷണവും സൗഹൃദവും അങ്ങനെ നിരവധി വിഷയങ്ങള്‍ പ്രമേയമാക്കി എത്രയെത്ര ഹ്രസ്വചിത്രങ്ങള്‍.
അത്തരത്തിലൊന്നാണ് എല്‍ ബെസോയെന്ന സ്പാനിഷ് ഷോര്‍ട്ട് ഫിലിം. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മഹേഷ് പെരിയാടനാണ് ഇതിന്റെ സംവിധായകന്. എട്ട് മിനിറ്റും 30 സെക്കന്റും കൊണ്ട് ഒരാശയത്തെ അത്യന്തം ഹൃദയസ്പര്‍ശിയായി ഇതില്‍ ആവിഷ്കരിച്ചിരിക്കുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന ചിത്രഭാരതി ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടിയത് എല്‍ ബെസോയാണ്. 110 ഓളം ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുണ്ടായിരുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകന് മധൂര്‍ ഭണ്ഡാര്ക്കറായിരുന്നു അവാര്‍ഡ് സമ്മാനിച്ചത്.
എന്തുകൊണ്ടാണ് ഈ ഹ്രസ്വചിത്രം സ്പാനിഷ് ഭാഷ സംസാരിക്കുന്നതെന്ന് ചോദിച്ചാല്‍ മഹേഷ് പറയും, കിട്ടിയ അവസരം നഷ്ടപ്പെടുത്താന്‍ തോന്നിയില്ല എന്ന്. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ യുഎസ്ടി ഗ്ലോബലിലാണ് മഹേഷ് ജോലി ചെയ്യുന്നത്. ജോലി സംബന്ധമായി ഒരു വര്‍ഷം മെക്സിക്കോയില്‍ പോകേണ്ടിവന്നു. ഫോട്ടോഗ്രഫിയിലുണ്ടായിരുന്ന താല്പര്യം പതിയെ ഷോര്‍ട്ട്ഫിലിമിലേക്ക് വഴിമാറി. അങ്ങനെയാണ് മെക്സിക്കന്‍ ജനതയുടെ ആചാരത്തിന്റെ ഭാഗമായ ഒന്നിനെ തന്റെ ഷോര്‍ട്ട്ഫിലിമിന്റെ കഥാതന്തുവാക്കുന്നത്. മെക്സിക്കോയില്‍ നവംബര്‍ രണ്ട് ആത്മാക്കളുടെ ദിനമായാണ് ആചരിക്കുന്നത്.
അന്നേദിവസം മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്ക്, അവര്ക്കിഷ്ടമുണ്ടായിരുന്നതെന്തോ അതുമായി കല്ലറയുടെ മുന്നിലെത്തി പ്രാര്‍ത്ഥിക്കുന്ന പതിവുണ്ട്. ഇതുകാണാനിടയായപ്പോള് മനസ്സിലേക്ക് ഇതുമായി ബന്ധപ്പെട്ട് ഒരാശയം കടന്നുവരികയായിരുന്നുവെന്ന് മഹേഷ് പറയുന്നു. ആദ്യം ഈ ആശയത്തെ ചെറുകഥയാക്കി തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഹ്രസ്വചിത്രമെന്ന ചിന്ത വന്നപ്പോള്‍ അത് സ്പാനിഷ് ഭാഷയില്‍ത്തന്നെ ചെയ്താല്‍ കൂടുതല്‍ നന്നാവും എന്ന് തോന്നി. അറിയാത്ത ഒരു ഭാഷയില്‍ ചെയ്യാന്‍ അവസരം എല്ലായ്പ്പോഴും വരില്ലെന്ന് അറിയാവുന്നതുകൊണ്ട് കിട്ടിയ അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു.
ആശയം ഇംഗ്ലീഷിലാക്കി, അവിടെയുള്ള സുഹൃത്തും ഫോട്ടോഗ്രാഫറുമായ റിക്കാര്ഡോയെക്കൊണ്ട് സ്പാനിഷിലേക്ക് തര്‍ജ്ജമ ചെയ്യിച്ചു. മെക്സിക്കോയിലുള്ള പരിചയക്കാരെത്തന്നെയാണ് ഇതില്‍ അഭിനയിപ്പിച്ചിരിക്കുന്നതും. മരിച്ചുപോയ മകന് ഓസ്കാറിന്റെ കല്ലറയ്ക്കുമുന്നില്‍ പൂക്കള്‍ അര്‍പ്പിക്കാനെത്തുന്ന അമ്മയും സഹോദരന് എഡ്ഗറും സെമിത്തേരിയില്‍ അവന്റെ കല്ലറകാണാതിരിക്കുകയും സെമിത്തേരിയിലെ ഓഫീസറോട് കാര്യം തിരക്കുമ്പോള്‍ അവിടെ അടയ്ക്കേണ്ട ഫീസ് അടയ്ക്കാത്തതിനാല്‍ പഴയ സെമിത്തേരിയിലേക്ക് മാറ്റിയതായും അറിയുന്നു. ഓസ്കാറിന്റെ മരണശേഷം തനിച്ചായിപ്പോകുന്ന മൂത്തസഹോദരന് എഡ്ഗര്‍, തന്റെ അനുജന് ഏറെ പ്രിയമായിരുന്ന വീഡിയോ ഗെയിമുമായി പഴയ സെമിത്തേരിതേടിപ്പോകുന്നു. അത് ആ കല്ലറയ്ക്കുമുന്നില്വച്ച് മടങ്ങുന്ന എഡ്ഗറിന്റെ സ്വപ്നത്തില്‍ ഓസ്കാര്‍ കടന്നുവന്ന് തനിക്ക് വീഡിയോഗെയിമോ മറ്റൊന്നുംതന്നെയോ വേണ്ടെന്ന് അറിയിക്കുകയും അവന്റെ കവിളില്‍ ഒരു സ്നേഹ ചുംബനവും നല്കി മറയുന്നു.
എല്‍ ബെസോ എന്ന സ്പാനിഷ് വാക്കിന്റെ അര്‍ത്ഥംതന്നെ ചുംബനം (the kiss) എന്നാണ്. പ്രിയപ്പെട്ടവരുടെ മരണത്തിന് ശേഷവും അവര്‍ വേണ്ടപ്പെട്ടവരുടെ ഹൃദയത്തില്‍ ജീവിക്കുന്നുവെന്ന് അതിമനോഹരമായി ഈ ഹ്രസ്വചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നു. തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതും മഹേഷാണ്. സുഹൃത്ത് സച്ചിത് രാമചന്ദ്രനും മഹേഷും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷം രൂപയായിരുന്നു നിര്‍മാണ ചെലവ്. മെക്സിക്കോയിലെ ലിയോണ്‍ സിറ്റിയിലായിരുന്നു എല്‍ ബെസോ ഷൂട്ട് ചെയ്തത്. ഇവിടെ ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ക്ക് ടൂറിസം പ്രമോഷന്റെ ഭാഗമായി ഗ്രാന്റ് നല്‍കുന്നുണ്ട്. ഇതിനായി അപേക്ഷ സമര്‍പ്പിക്കുകയും അംഗീകാരം കിട്ടിയതായും മഹേഷ് പറയുന്നു.
തിരക്കുപിടിച്ച പ്രൊഫഷനായിട്ടും മനസ്സിലെ പാഷന് ഉപേക്ഷിക്കുവാന്‍ തയ്യാറല്ല മഹേഷ്. എല്‍ ബെസോ കൂടാതെ എട്ടാമന് എ മിത്ത്, നീലക്കണ്ണട എന്നീ ഹ്രസ്വചിത്രങ്ങളും മഹേഷിന്റേതായുണ്ട്. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഷോര്‍ട്ട് ഫിലിം ട്രെന്‍ഡ് ആയിരുന്ന സമയത്താണ് എട്ടാമന് എ മിത്ത് എടുക്കുന്നത്. അത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ തന്നെ എട്ട് മിനിറ്റ്, എട്ട് കഥാപാത്രങ്ങള്‍ എന്നിങ്ങനെയെല്ലാമുള്ള നിബന്ധനകളെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു.
ജോലിയിലെ തിരക്കുകള്‍ക്കിടയിലും മനസിന് സന്തോഷം തോന്നുന്നത് ചെയ്യുന്നതിന് സമയം തടസമാവാറില്ലെന്നും മഹേഷ് അഭിപ്രായപ്പെടുന്നു. ശനി, ഞായര്‍ ഒഴിവുദിവസങ്ങളെ കൂടുതല്‍ ക്രിയേറ്റീവ് ആക്കുകയാണ് ഈ യുവാവ്.
ഫോട്ടോഗ്രഫിയാണ് ഇഷ്ടമേഖലകളിലൊന്ന്. സിനിമ സംവിധാനം ചെയ്യുകയെന്നതാണ് മറ്റൊരു സ്വപ്നം. ടെക്നോപാര്‍ക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്രോത്സവമായ ക്വിസ 2015 ല്‍ മികച്ച സംവിധായകനും ചിത്രത്തിനുമുള്ള പുരസ്കാരവും എല്‍ ബെസോ സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ഹ്രസ്വചിത്രങ്ങളുടെ നിലവാരത്തിലാണ് മഹേഷ് എല്‍ ബെസോ ഒരുക്കിയിരിക്കുന്നതും.
തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ് മഹേഷ് പെരിയാടന്‍. സംഘകുടുംബമായ കൊളക്കോട്ട് ഗോപാലകൃഷ്ണന്റേയും ചന്ദ്രമതിയുടേയും മകനാണ്. മഞ്ജു, മനോജ് എന്നിവരാണ് സഹോദരങ്ങള്‍. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന് അച്ഛന്റെ ജേഷ്ഠനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: