സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ചൂടേറും. ക്വാര്‍ട്ടര്‍ ലൈനപ്പിന്റെ നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സലോണയ്‌ക്ക് എതിരാളികള്‍ നാട്ടുകാരായ അത്‌ലറ്റികോ മാഡ്രിഡ്.
ആദ്യമായി സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഫ്രാന്‍സില്‍ കിരീടമുറപ്പിച്ച പാരീസ് സെന്റ് ജര്‍മന്‍, പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ജര്‍മന്‍ ടീം വോള്‍ഫ്‌സ്ബര്‍ഗിനെ നേരിടുമ്പോള്‍, ബയേണ്‍ മ്യൂണിച്ചിന് എതിരാളികള്‍ പോര്‍ച്ചുഗല്‍ ടീം ബെനഫിക്ക.
മൂന്നാം ക്വാര്‍ട്ടറിലാണ് സ്പാനിഷ് ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാരായ കറ്റാലന്മാരും മാഡ്രിഡ് ടീമും കൊമ്പുകോര്‍ക്കുന്നത്. അവസാന ക്വാര്‍ട്ടറില്‍ പിഎസ്ജി സിറ്റിയെ വെല്ലുവിളിക്കുമ്പോള്‍ സെമി മാത്രമാകും ഇരു കൂട്ടര്‍ക്കും ലക്ഷ്യം. ആരെത്തിയാലും അത് ചരിത്രം. ആദ്യപാദം പാരീസില്‍.
ആദ്യ ക്വാര്‍ട്ടറില്‍ വോള്‍ഫ്‌സ്ബര്‍ഗിനെ നേരിടുന്ന റയല്‍ മാഡ്രിഡിനാണ് ശക്തന്മാരില്‍ പോര് എളുപ്പം. ആദ്യ പാദം ജര്‍മനിയില്‍. അവസാന നിമിഷങ്ങളിലെ പോരാട്ടത്തില്‍ യുവന്റസിനെ തുരത്തി മുന്നേറിയ ബയേണ്‍ മ്യൂണിച്ചിന് ബെനഫിക്ക പോന്ന എതിരാളികളല്ല. എന്നാല്‍, എഴുതിത്തള്ളാനുമാകില്ല. ആദ്യ പാദം മ്യൂണിച്ചില്‍.
















