കൊല്‍ക്കത്ത: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടത്തിന് ഇന്ത്യന്‍ ക്രിക്കറ്റിലെ തലയെടുപ്പുള്ള വേദി ഈഡന്‍ ഗാര്‍ഡന്‍സ് ഒരുങ്ങി. ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക പോരാട്ടത്തില്‍ ആതിഥേയരായ ഇന്ത്യ, അയല്‍ക്കാര്‍ പാക്കിസ്ഥാനെ നേരിടും. ലോകകപ്പില്‍ തോറ്റിട്ടില്ലെന്ന ചരിത്രത്തിന്റെ പുറത്തേറിയെത്തുന്ന ഇന്ത്യയെ അപ്രവചനീയതയുടെ മറ്റൊരു പേരായ പാക്കിസ്ഥാന്‍ മറിച്ചിടുമോ? ഫലമെന്തായാലും ആവേശം അതിരുകടക്കും. മത്സരത്തിനായി കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.
ആദ്യ കളിയില്‍ ന്യൂസിലന്‍ഡില്‍നിന്ന് ഞെട്ടിപ്പിക്കുന്ന തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യയ്‌ക്ക് ഇന്നു ജയിച്ചില്ലെങ്കില്‍ പിന്നെ, പ്രതീക്ഷ അകലെ. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം മത്സരവും ന്യൂസിലന്‍ഡ് ജയിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ച്. സ്വന്തം നാട്ടിലെ ലോകകപ്പില്‍ ആദ്യവട്ടം മടങ്ങുന്നതിന്റെ നാണക്കേട് വേറെ. കിവി സ്പിന്നര്‍മാരുടെ മികവില്‍ സംശയിക്കാനില്ലെങ്കിലും, അമിത ആത്മവിശ്വാസം കൊണ്ട് ആദ്യ കളി സ്വയം കുഴിതോണ്ടിയെന്നു പറയുന്നതാകും യാഥാര്‍ത്ഥ്യം. വലിയ സ്‌കോര്‍ അല്ലാതിരുന്നിട്ടും നിലയുറപ്പിക്കാന്‍ ശ്രമിക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞു കേള്‍വികേട്ട ഇന്ത്യന്‍ ബാറ്റിങ് നിര. എന്നാല്‍, ടീമില്‍ കാര്യമായ അഴിച്ചുപണിക്കൊന്നും സാധ്യതയില്ല.
രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, യുവരാജ് സിങ്, നായകന്‍ എം.എസ്. ധോണി എന്നിവര്‍ തന്നെ ബാറ്റിങ്ങില്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും, ആര്‍. അശ്വിനുമെല്ലാം ഇവര്‍ക്ക് പിന്തുണയാകുമെന്ന് പ്രതീക്ഷ. ബൗളിങ്ങില്‍ ആശിഷ് നെഹ്‌റയും ജസ്പ്രീത് ബുംറയും ഹാര്‍ദിക്കിനും അശ്വിനും ജഡേജയ്‌ക്കുമൊപ്പം ചേരും. ബംഗ്ലാദേശില്‍ ഏഷ്യാകപ്പിലേതു പോലെ അവസരത്തിനൊത്തുയര്‍ന്നാല്‍ ആതിഥേയര്‍ക്ക് കാര്യങ്ങള്‍ എളുപ്പം. ഓപ്പണിങ് സ്‌പെല്ലില്‍ വിക്കറ്റ് വീഴ്‌ത്തുകയെന്ന ശീലം സ്ഥിരമായി തുടരുന്ന ആശിഷ് നെഹ്‌റയിലൂടെ മികച്ച തുടക്കവും ടീം പ്രതീക്ഷിക്കുന്നു.
പാക്കിസ്ഥാനാകട്ടെ ചരിത്രമെല്ലാം തിരുത്താനുള്ള പുറപ്പാടില്‍. ലോകകപ്പില്‍ ഇന്ത്യയോട് ജയിച്ചിട്ടില്ലെന്ന നാണക്കേട് ഈഡനില്‍ മറികടക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇന്ത്യാക്കാരെ പുകഴ്‌ത്തിയതിന്റെ പേരില്‍ വിവാദത്തിലായ നായകന്‍ ഷാഹിദ് അഫ്രീദിക്ക് ജയം അനിവാര്യം. ഏഷ്യാ കപ്പില്‍ തങ്ങളെ തോല്‍പ്പിച്ച ബംഗ്ലാദേശിനെ ആദ്യ കളിയില്‍ കശക്കിയെറിഞ്ഞു പാക്കിസ്ഥാന്‍. ഓള്‍റൗണ്ട് പ്രകടനത്തോടെ അഫ്രീദി മുന്നില്‍നിന്നു നയിച്ചു. അഫ്രീദിക്കു പുറമെ ഷര്‍ജീല്‍ ഖാന്‍, അഹമ്മദ് ഷെഹ്‌സാദ്, മുഹമ്മദ് ഹഫീസ്, ഉമര്‍ അക്മല്‍, ഷൊയ്ബ് മാലിക്ക്, സര്‍ഫ്രാസ് അഹമ്മദ് എന്നിവരുള്‍പ്പെടുന്ന ബാറ്റിങ് നിരയ്‌ക്ക് കരുത്ത് കുറവൊന്നുമില്ല.
ബൗളിങ്ങാണ് പാക്കിസ്ഥാന്റെ എക്കാലത്തെയും കരുത്ത്. വിലക്കു കഴിഞ്ഞ് മടങ്ങിയെത്തിയ മുഹമ്മദ് അമീര്‍ തകര്‍പ്പന്‍ ഫോമില്‍. ഏഷ്യാ കപ്പില്‍ അമീറിനു മുന്നില്‍ പതറിയ ഇന്ത്യയെ വിരാട് കോഹ്‌ലിയാണ് രക്ഷിച്ചത്. വഹാബ് റിയാസ്, മുഹമ്മദ് ഇര്‍ഫാന്‍, അഫ്രീദി എന്നിവരും കളി തിരിക്കാന്‍ കഴിവുള്ളവര്‍. ഇവര്‍ക്ക് സഹായത്തിന് ഷൊയ്ബ് മാലിക്കും മുഹമ്മദ് ഹഫീസും ഇമാദ് വസീമുമെല്ലാമുണ്ട്. എല്ലാത്തിലുമുപരി ആരാധകരുടെ ആവേശമാകും മത്സരത്തിന്റെ തീവ്രത വര്‍ധിപ്പിക്കുക.
















