പനമരം : നടവയല്‍ നെയ്ക്കുപ്പ വനത്തോടുചേര്‍ന്ന് ചെക്കിട്ട വയലരികില്‍ നിര്‍മ്മിച്ച കല്മതില് ഇടിച്ചുനിരത്തി കാട്ടാനക്കൂട്ടം നാട്ടിലേക്ക്. കല്മതില് നിര്‍മ്മിച്ചാല്‍ കാട്ടാനശല്യം ഒഴിവാകുമെന്ന് വിചാരിച്ചിരുന്ന നാട്ടുകാരില്‍ പക്ഷെ കാട്ടാനക്കൂട്ടം മതില് തകര്‍ത്തത് കടുത്ത ഭീതിയുണര്‍ത്തിയിരിക്കുകയാണ്.
മതില് കടന്നെത്തുന്ന കാട്ടാനക്കൂട്ടം ആലുങ്കല്‍താഴെ, കായക്കുന്ന്, രണ്ടാംമൈല്‍ ഭാഗങ്ങളില്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങി. ഇതിനിടെ അശാസ്ത്രീയമായി നിര്‍മ്മിച്ചതുകൊണ്ടാണ് കാട്ടാനകള്‍ മതില് തകര്‍ത്തതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഒന്നരയാള്‍ പൊക്കത്തിലാണ് കിലോമീറ്റര്‍ ദൂരത്തില്‍ കല്മതില് നിര്‍മ്മിച്ചിരിക്കുന്നത്. ചില ഭാഗങ്ങളില്‍ മതിലിനോടുചേര്‍ന്ന് മണ്‍കൂന ഉള്ളതിനാല്‍ അതില്‍ ചവിട്ടിക്കയറിയാണ് കാട്ടാനകള്‍ മതില് ഇടിച്ചു നിരത്തുന്നത്.
ചെക്കിട്ടവയലില് വയലും വനവും തമ്മില്‍ സംഗമിക്കുന്ന സ്ഥലം ആനത്താരയാണ്. ആദ്യം ഇവിടെ കുറച്ചുഭാഗത്ത് കരിങ്കല്‍ മതില് നിര്‍മിച്ചിരുന്നില്ല. ഇരുഭാഗത്തുനിന്നും നിര്‍മ്മിച്ചുവന്ന കരിങ്കല്‍ മതിലുകള്‍ തമ്മില്‍ യോജിപ്പിക്കാനായി ഏകദേശം 10മീറ്ററോളം ദൂരത്തില്‍ കെട്ടിയ മതിലാണ് ആന തകര്‍ത്തത്. സിമന്റും കല്ലുമുപയോഗിച്ചാണ് മതില് നിര്‍മ്മിക്കുന്നത്. ആന മതില് തകര്‍ത്ത ഭാഗത്ത് കാര്യമായി സിമന്റ് ഉപയോഗിക്കാതെ കരിങ്കല്ല് അടുക്കിവെച്ചിരിക്കുകയായിരുന്നു. നെയ്ക്കുപ്പമുതല്‍ ചെക്കിട്ട, ചെഞ്ചടി, പാതിരിയമ്പം വനമേഖലകളില്‍ പൂര്‍ണമായി കല്മതില് നിര്‍മിച്ചിട്ടില്ല. ഇടവിട്ടുള്ള സ്ഥലങ്ങളില്‍ കമ്പിവേലിയാണ് സ്ഥാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: