ന്യൂദല്‍ഹി: എന്തു സമ്മര്‍ദ്ദമുണ്ടായാലും 344 മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചില കമ്പനികള്‍ കോടതിയെ സമീപിച്ച് വിലക്കിന് സ്‌റ്റേ നേടുകയും മരുന്നു ലഭ്യത കുറയുമെന്ന് ചിലര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിലക്ക് ഒരു കാരണവശാലും നീക്കില്ലെന്ന ഉറച്ച നിലപാട് കേന്ദ്രം കൈക്കൊണ്ടത്.
രോഗാണുക്കള്‍ മരുന്നുകളെ പ്രതിരോധിക്കുന്ന വളരെ ഗുരുതരമായ അവസ്ഥയിലേക്കാണ് നാം നീങ്ങുന്നത്. ഇതുമൂലമുള്ള മരണം കൂടിവരികയാണ്. 20 ലക്ഷം ജീവനുകളാണ് ഇങ്ങനെ ആപത്തിലേക്ക് നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഒരു പിന്‍മാറ്റമില്ല. ആരോഗ്യമന്ത്രാലയത്തിലെ ഉന്നതര്‍ വ്യക്തമാക്കി. വിലക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ അടക്കം പല വിഷയങ്ങള്‍ ദീര്‍ഘകാലം വിശദമായി ചര്‍ച്ച ചെയ്തു. തങ്ങളുടെ നിലപാട് വിശദമാക്കാന്‍ കമ്പനികള്‍ക്ക് അവസരവും നല്‍കി. തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കോടതിയില്‍ നല്‍കാന്‍ വിശദമായ വസ്തുതാവിവരക്കണക്കുകളുമുണ്ട്. അവര്‍ അറിയിച്ചു. രോഗാണുക്കള്‍ മരുന്നുകളെ പ്രതിരോധിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ തമ്മില്‍ ചേരാത്ത തരം മരുന്നുകള്‍ കൂട്ടിക്കലര്‍ത്തുന്നത് ഒഴിവാക്കിയേ കഴിയൂ. സുരക്ഷമായ മരുന്നുകള്‍ മാത്രമേ വിപണിയിലുള്ളുവെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം ബാധ്യസ്ഥമാണ്. അദ്ദേഹം പറഞ്ഞു.
ക്രോസിന്‍ ഡി കോള്‍ഡ് , ഡോളോകോള്‍ഡ്(ഡോളോയെന്നാണ് ഇന്നലെ പേര് നല്‍കിയിരുന്നത്) ഡികോള്‍ഡ് ടോട്ടല്‍, നാസീവിയന്‍, സുമോ, ഓഫ്‌ളോക്‌സ്, ഗ്യാസ്‌ട്രോജില്‍, ചെറികോഫ്, നിമുലിഡ്, കോഫ്‌നില്‍, ഡീകോഫ്, ഒ2, കുട്ടികള്‍ക്കുള്ള സിറപ്പായ ടി 98, ടെഡി കോഫ്, കോറക്‌സ്, ഫെന്‍സ്‌ഡൈല്‍, ബെനാഡ്രില്‍ തുടങ്ങിയ കഫ് സിറപ്പുകള്‍, വിക്സ് ആക്ഷന്‍ 500 ഗുളിക എന്നിവ വിലക്കിയ മരുന്നുകളില്‍ പെടുന്നു. വിലക്കിയ മരുന്ന് സംയുക്തങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഗസറ്റായി പ്രസിദ്ധീകരിച്ചിരുന്നു..
വിലക്കുള്ളവയില്‍ ഏറെയും പാരാസെറ്റമോള്‍, ഡൈക്‌ളോഫിനാക്, നിമുസുലൈഡ്, റാബിപ്രസോള്‍,സിട്രിസിന്‍ എന്നിവയുടെ കോമ്പിനേഷന്‍ മരുന്നുകള്‍ക്കാണ്. പ്രമേഹത്തനുള്ള ഗഌമിപിരിഡിന്റെ ചില കോമ്പിനേഷനുകള്‍ക്കും നിരോധനമുണ്ട്.
കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വാങ്ങുന്നവര്‍ 53 ശതമാനം
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങിക്കഴിക്കുന്നവര്‍ ഭാരതത്തില്‍ വളരെക്കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഭാരതത്തിലെ 53 ശതമാനം രോഗികളും ഇത്തരക്കാരാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗാണുക്കള്‍ മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷി നേടുന്നതു മൂലം ടിബി, മലമ്പനി, മൂത്രാശയ രോഗങ്ങള്‍ എന്നിവയുടെ ചികില്‍സയും പ്രതിരോധവും വെല്ലുവിളി നിറഞ്ഞതാകുകയാണ്. ലോകത്തേറ്റവും കൂടുതല്‍ ടിബി രോഗികള്‍ ഭാരതത്തിലാണ്. പ്രതിവര്‍ഷം 23 ലക്ഷം പേരാണ് ടിബി രോഗികളാകുന്നത്.
















