കല്‍പ്പറ്റ : വിവിധ തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് കണ്ട്കെട്ടിയ വാഹനങ്ങള്‍ സര്‍ക്കാര്‍ ആവശ്യത്തിന് ഉപയോഗിക്കുന്നത് സംബന്ധിച്ച് റവന്യൂ-നിയമ വകുപ്പ് സെക്രട്ടറിമാരോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. പിടിച്ചെടുത്ത വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സമീപം കൂട്ടിയിട്ട് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നതിനാല്‍ ഇവ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ഉപയോഗിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ബത്തേരിയിലെ മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ബി.സുധാകരന് നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നടപടി.
കെഎസ്ആര്‍ടിസിയില്‍ കാഷ്വല്‍ ക്ലീനറായി താല്‍ക്കാലിക സേവനമനുഷ്ഠിക്കുന്നതിനിടെ വോള്‍വോ ബസ് കഴുകുമ്പോള്‍ കൈക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടേണ്ടി വന്നിട്ടും വകുപ്പ് ചികിത്സാ ധനസഹായം അനുവദിച്ചില്ലെന്ന പരാതിയില്‍ കെ.എസ്.ആര്.ടി.സി. എം.ഡിയോട് കമ്മീഷന് റിപ്പോര്‍ട്ട് തേടി. കളിമണ്‍പാത്ര നര്മ്മാണത്തിനാവശ്യമായ കളിമണ്ണ് ലഭിക്കുന്നില്ലെന്നു കാണിച്ച് ഈ മേഖലയില്‍ പരമ്പരാഗത ജോലി ചെയ്യുന്ന കുംഭാര സമുദായക്കാര്‍ നല്കിയ പരാതിയില്‍ നിജ സ്ഥിതി അറിയിക്കാന്‍ ജില്ലാ കലക്ടറോടും ജിയോളജിസ്റ്റിനോടും ആവശ്യപ്പെട്ടു.
ഡിപിറ്റി രണ്ട്, മൂന്ന് ബൂസ്റ്റര്‍ ഡോസുകളെടുത്തതിനെത്തുടര്ന്ന് കുഞ്ഞ് രോഗബാധിതനായതായി കെ.വി. അഷ്റഫ് എന്നയാള്‍ പരാതിപ്പെട്ടു. കുത്തിവെപ്പെടുക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ ഇദ്ദേഹം ആശ്രയിച്ചിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറോട് ഇക്കാര്യത്തില്‍ കമ്മീഷന് വിശദീകരണം തേടി.
കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് 10 വര്‍ഷത്തിലേറെയായി ഗ്രാറ്റുവിറ്റി നിഷേധിക്കപ്പെട്ടെന്ന പരാതിയില്‍ ലേബര്‍ കമ്മീഷണറോടും കോഴിക്കോട് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സര്‍വ്വീസിലിരിക്കെ ശമ്പള പുനര്‍നിര്‍ണ്ണയ കുടിശ്ശിക നല്‍കിയില്ലെന്ന താഹകുട്ടി എന്നയാളുടെ പരാതിയില്‍ ആലഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു.
സമരത്തിന്റെ പേരില്‍ വയനാട് എഞ്ചിനീയറിങ്ങ് കോളേജില്‍ പരീക്ഷ തടസ്സപ്പെടുന്നതായി വിവിധ സെമസ്റ്ററുകളിലെ വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പലിനോട് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പ്രധാന നഗരങ്ങളായ എറണാകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിന് 60 പൈസ മുതല്‍ പരമാവധി ഒരു രൂപവരെ മാത്രം ചാര്‍ജ്ജ് ഈടാക്കുമ്പോള്‍ കല്‍പ്പറ്റയില്‍ മൂന്നു രൂപ ഈടാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കല്‍പ്പറ്റ സ്വദേശി കെ. നജീം പരാതിപ്പെട്ടു. തിരക്കു കൂടിയ നഗരങ്ങളാണെങ്കിലും അവിടെ കടമുറികളുടെ വാടക വയനാടിനെ അപേക്ഷിച്ച് നാലഞ്ചു മടങ്ങ് കൂടുതലാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ജില്ലാ കലക്ടറോട് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
വൈത്തിരി താലൂക്ക് കുന്നത്തിടവക വില്ലേജിലെ റീ.സ. 200ല്‍പെട്ട മണ്ടമല എന്ന മിച്ചഭൂമി പ്രദേശം പതിച്ചുകിട്ടിയവരും അവരില്‍നിന്ന് വിലയ്ക്കുവാങ്ങിയവരുമായ കൈവശക്കാരുടെ പേരില്‍ വൈത്തിരി സബ് രജിസ്ട്രാര്‍ ആഫീസില്‍ ഭൂമാഫിയ വ്യാജ ആധാരം രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് കിടപ്പാടം നഷ്ടമായെന്നു കാണിച്ച് യഥാര്‍ത്ഥ കൈവശക്കാരെന്ന് അവകാശപ്പെടുന്നവര്‍ നല്കിയ പരാതി കമ്മീഷന് ഫയലില്‍ സ്വീകരിച്ചു. കേസ് അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും.
കാരുണ്യ ചികിത്സാ പദ്ധതിയില്‍ അനുവദിച്ച തുക ലഭ്യമായില്ലെന്നു പരാതിപ്പെട്ടിരുന്ന ബത്തേരി സ്വദേശിനി കാര്‍ത്ത്യായനിക്ക് തുക കൈമാറിയതായി കാരുണ്യ ബനവലന്റ് ഫണ്ട് അഡ്മിനിസ്ട്രേറ്റര്‍ കമ്മീഷന് മുമ്പാകെ ബോധിപ്പിച്ചു.
മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിങ്ങില്‍ 40 കേസുകള്‍ പരിഗണിച്ചു. 14 കേസുകള്‍ തീര്‍പ്പാക്കി. പുതുതായി എട്ട് പരാതികള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: