കണ്ണൂര്‍: ‘ശ്രീഗണനായക പതപാതസരോജം ശ്രീകരമതിന് തൊഴുതീടുന്നേന്‍……….’ ഈ വരികള്‍ കേള്‍ക്കുമ്പോള്‍ പാനൂര്‍ നിവാസികളുടെ മനസ്സില്‍ പൂര്‍ണ്ണചന്ദ്രനെപ്പോലെ തെളിയുന്ന ഒരു മുഖമുണ്ട്. 73-ാം വയസ്സിലും കോല്‍ക്കളിയെ നെഞ്ചോടു ചേര്‍ക്കുന്ന നാണുമാസ്റ്റര്‍. നാല്‍പത് വര്‍ഷമായി കോല്‍ക്കളി പരിശീലനരംഗത്ത് സജീവമായി നില്‍ക്കുന്ന മാഷിന്റെ പ്രശസ്തി സംസ്ഥാനത്തിനു പുറത്തു പോലും കേള്‍വികേട്ടതാണ്.
കോല്‍ക്കളി കലാകാരനും പരിശീലകനുമായിരുന്ന അച്ഛന്‍ കുഞ്ഞിക്കണ്ണനില്‍ നിന്നാണ് നാണുമാസ്റ്റര്‍ കളി പഠിച്ചെടുത്തത്. 12-ാമത്തെ വയസ്സില്‍ വീടിനടുത്തുള്ള കണ്ണംവെള്ളി എല്‍പി സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തില്‍ അരങ്ങേറ്റം നടത്തി. പാട്ടും കളിയുമായി കഴിയുന്നതിനിടയില്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് നാണുമാസ്റ്റര്‍ പരിശീലനരംഗത്തെത്തുന്നത്. നാല്‍പതു വര്‍ഷത്തിനിടയില്‍ നിരവധി കലാകാരന്മാരെ പരിശീലനം നല്‍കി വളര്‍ത്തിയെടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.
2002 മുതല്‍ കുന്നോത്ത്പറമ്പ് കുഞ്ഞിരാമന്‍ മാസ്റ്ററോടൊപ്പമാണ് കുടുംബശ്രീ ഗ്രൂപ്പുകളെ കോല്‍ക്കളി പഠിപ്പിക്കാന്‍ തുടങ്ങിയത്. ഇതോടെ നിരവധി വനിതകളെയും ഈ രംഗത്തെത്തിക്കാന്‍ കഴിഞ്ഞു. ക്ഷേത്രോത്സവങ്ങളിലും പൊതുപരിപാടികളിലും കോല്‍ക്കളിക്ക് മാസ്റ്ററുടെ ശിഷ്യഗണങ്ങള്‍ വേദിയൊരുക്കി. പരിപാടികള്‍ക്കൊപ്പം പാട്ടുമായി നാണുമാസ്റ്ററും നിറഞ്ഞുനിന്നു. ശിഷ്യ—രോടൊപ്പം ബംഗ്ലൂര്‍, കോയമ്പത്തൂര്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും കോല്‍ക്കളി അവതരിപ്പിക്കാനായി. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കോല്‍ക്കളിയുടെ പാരമ്പര്യത്തികവാര്‍ന്ന അവതരണത്തിലൂടെ പ്രശംസ നേടാനും കഴിഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തില്‍ തുടര്‍ച്ചയായി നാലു തവണ മാസ്റ്ററുടെ കുട്ടികള്‍ കളി അവതരിപ്പിച്ചിട്ടുണ്ട്.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി മത്സരങ്ങളിലേക്കയച്ച് കലാപാരമ്പര്യത്തെ പുതുതലുറയിലേക്ക് പകര്‍ന്നുകൊടുക്കാനും ശ്രദ്ധിക്കുന്നുണ്ട്. മാസ്റ്ററുടെ രണ്ട് പെണ്‍മക്കളും മകനും മരുമക്കളും കോല്‍ക്കളി പഠിച്ച് അരങ്ങത്തെത്തിയിട്ടുണ്ട്. മാസ്റ്ററുടെ കീഴില്‍ പഠിച്ചുവളര്‍ന്ന കുടുംബശ്രീ കൂട്ടായ്‌മകള്‍ പൊതുപരിപാടികളില്‍ ഈ കലാരൂപത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് തന്റെ പ്രയത്‌നങ്ങള്‍ക്കുള്ള ജനകീയ അംഗീകാരമാണെന്ന് മാസ്റ്റര്‍ പറയുന്നു. ആരോഗ്യമുള്ള കാലത്തോളം പരിശീലകനായി തുടരണമെന്നാണ് ഈ കലാസ്‌നേഹിയുടെ ആഗ്രഹം.
















