ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, ഡിഎസ്‌യു നേതാവ് ഉമര്‍ ഖാലീദ്, അനിര്‍ബെന്‍ ഭട്ടാചാര്യ, ആശുതോഷ് എന്നിവര്‍ അടക്കം അഞ്ചു വിദ്യാര്‍ഥികളെ സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കണമെന്ന് ഉന്നതതല അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
സര്‍വ്വകലാശാല നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതെന്നും ഇതിന് 21 വിദ്യാര്‍ഥികള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്നും വിസി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കനയ്യ അടക്കം അഞ്ചു പേരെ പുറത്താക്കണം. മറ്റ് നാലുപേരെ ഒരു സെമസ്റ്റര്‍ സസ്‌പെന്‍ഡ് ചെയ്യണം. മറ്റുള്ളവര്‍ക്ക് പിഴ ചുമത്തണം. റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.
21 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിവരം ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെബ്രുവരി ഒന്‍പതിന് നടത്തിയ അഫ്‌സല്‍ഗുരു അനുസ്മരണം വിവാദമായതിനെത്തുടര്‍ന്ന് പത്തിനാണ് വിസി ഉന്നതതല അന്വേഷണ സംഘത്തെ നിയോഗിച്ചത്.
നടപടിയുടെ ഭാഗമായി ഇവര്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. റിപ്പോര്‍ട്ട് നടപ്പാകുന്നതോടെ കനയ്യ അടക്കം അഞ്ചു പേര്‍യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താകും. നാലു പേര്‍ക്ക് ഒരു സെമസ്റ്റര്‍ പഠനം മുടങ്ങും. ഇവര്‍ക്ക് ഹോസ്റ്റലില്‍ വിലക്കും വരും. റിപ്പോര്‍ട്ട് വിലയിരുത്തിയശേഷം വിസിയും ചീഫ് പ്രോക്ടര്‍ എ ദിമ്‌റിയും ചേര്‍ന്നാകും അന്തിമ തീരുമാനം എടുക്കുക.
21 വിദ്യാര്‍ഥികള്‍ ചട്ടം ലംഘിച്ചതായി സമിതി ഏകകണ്ഠമായാണ് റിപ്പോര്‍ട്ട് നല്‍കിയത്.
















