മുംബയ്: അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ രാത്രിയില്‍ അറസ്റ്റു ചെയ്ത മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബല്‍ പണം പുറത്തേക്ക് അയച്ചത് ആംബുലന്‍സില്‍.
അധികൃതര്‍ പരിശോധന ശക്തമാക്കിയ സമയത്ത് കള്ളപ്പണമടങ്ങിയ നോട്ടുകെട്ടുകള്‍ കൊല്‍ക്കൊത്തയിലേക്ക് ആംബുലന്‍സില്‍ അയച്ചു.
അവ പിന്നീട് അക്കൗണ്ടുകളില്‍ മടങ്ങിയെത്തി.ഭുജ്ബലിന്റെ കമ്പനികളുടെ ഓഹരികള്‍ വാങ്ങിയെന്ന രേഖകളുണ്ടാക്കിയാണ് അവ മടക്കിയെത്തിച്ചത്.
ഭുജ്ബലിന്റെ അനധികൃത സാമ്പത്തിക ഇടപാടുകളുടെ അനവധി രേഖകളാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് ലഭിച്ചത്. പുറത്തേക്ക് പോയി മടങ്ങി വന്ന പണത്തെക്കുറിച്ചും അവര്‍ക്ക് കൃത്യമായ വിവരം ലഭിച്ചു. തിങ്കളാഴ്ച അതിരാവിലെയാണ് ഇയാളെ ചോദ്യം ചെയ്തുതുടങ്ങിയത്. രാത്രി പത്തു മണിക്കാണ് അറസ്റ്റു ചെയ്തത്.
ഇന്നലെ രാവിലെ കോടതിയില്‍ ഇയാളെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മഹാരാഷ്‌ട്രയിലെ പ്രതാപിയായ നേതാവാണ് ഒടുവില്‍ കുടുങ്ങിയത്. രണ്ടു തവണ മുംബയ് മേയര്‍, രണ്ടു തവണ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി എന്നിവ കൈയാളിയിരുന്ന ഭുജ്ബല്‍ സംസ്ഥാന സര്‍ക്കാരുകളില്‍ പലകുറി സുപ്രധാനവകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു.
മുന്‍പ് തേല്‍ഗി മുദ്രപ്പത്ര കുംഭകോണക്കേസില്‍ ഉള്‍പ്പെട്ടങ്കിലും അന്ന് അതില്‍ നിന്ന് വിദഗ്ധമായി തലയൂരി. സിബിഐ ഇയാള്‍ക്ക് എതിരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ല.
മഹാരാഷ്‌ട്ര വിധാന്‍സഭ, കലീന ലൈബ്രറി കെട്ടിടം എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കുംഭകോണക്കേസില്‍ ഭുജ്ബലിന്റെ മകന്‍ പങ്കജും അനന്തരവന്‍ സമീറും പ്രതികളാണ്.
ഇവര്‍ മൂന്നു പേര്‍ക്കും എതിരെയുള്ള സാമ്പത്തികത്തിരിമറി കേസുകളും എന്‍ഫോഴ്ന്റ് അന്വേഷിച്ചുവരികയാണ്.ഇവരില്‍ സമീര്‍ ഇപ്പോള്‍ ആര്‍ഥര്‍ റോഡ് ജയിലിലാണ്.
ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയതു വഴി ലഭിച്ച കോടികളുടെ കോഴയാണ് ആംബുലന്‍സില്‍ കൊല്‍ക്കത്തയ്‌ക്ക് കടത്തിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച വിവരം. ഭുജ്ബല്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയത്.
















