ഉത്പത്തിസ്തു ത്വയാ പ്രോക്താ വ്യാസസ്യാമിതതേജസ:
സത്യവത്യാസ്തഥാ സൂത, വിസ്തരേണ ത്വയാ ളനഘ
അഥാപ്യേകസ്തു സന്ദേഹശ്ചിത്തേ ളസ്മാകം സുസംസ്ഥിത:
ന നിവര്‍ത്തതി ധര്‍മ്മജ്ഞ കഥിതേന ത്വയാ ളനഘ
ഋഷിമാര്‍ പറഞ്ഞു: ‘അങ്ങ് വ്യാസന്റെ ജനനവും സത്യവതിയുടെ ചരിതവും ഞങ്ങള്‍ക്കായി പറഞ്ഞു തന്നു. വ്യാസന്റെ അമ്മയായ സത്യവതി എങ്ങിനെയാണ് ശന്തനുവിന്റെ പത്‌നിയായത് എന്നറിയാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. വംശമഹിമയൊന്നുമില്ലാത്ത ഒരു ദാശരപുത്രിയെ രാജാവ് വേള്‍ക്കാന്‍ കാരണമെന്നത്? ശന്തനുപുത്രനായ ഭീഷ്മരുടെ കഥയും ഞങ്ങള്‍ക്ക് കേള്‍ക്കണമെന്നുണ്ട്. അദ്ദേഹം എങ്ങിനെയാണ് വസുവിന്റെ അംശമായത്? ചിത്രാംഗദനെ രാജാവായി വാഴിച്ചത് ഭീഷ്മരാണല്ലോ. ധര്‍മ്മിഷ്ഠനായ ജ്യേഷ്ഠനിരിക്കുമ്പോള്‍ അനിയന്‍ എങ്ങിനെ രാജാവായി? ചിത്രാംഗദന്‍ മരിച്ചപ്പോള്‍ വിചിത്രവീര്യനെയും രാജാവാക്കി വാഴിച്ചത് ഭീഷ്മരാണ്. ഭീഷ്മര്‍ക്ക് രാജ്യഭാരം കൊടുക്കാതിരുന്നതിനു കാരണമെന്താണ്? മാത്രമല്ല ഭീഷ്മര്‍ ബ്രഹ്മചാരിയാകാന്‍ ഹേതുവെന്താണ്? ആ അമ്മ വ്യാസനെക്കൊണ്ട് തന്റെ സഹോദരഭാര്യമാരില്‍ പുത്രോല്‍പാദനം ചെയ്യിച്ചത് എന്തിനാണ് അത് തെറ്റല്ലേ? മാത്രമല്ല വ്യാസന്‍ പുരാണകര്‍ത്താവും ധര്‍മ്മിഷ്ഠനും വേദം വ്യസിച്ചയാളുമല്ലേ? വെറുക്കപ്പെടാവുന്ന ഈ കര്‍മ്മം അദ്ദേഹമെന്തിനാണ് ഏറ്റെടുത്തത്? വ്യാസശിഷ്യനായ അങ്ങുതന്നെ എല്ലാം വിശദമാക്കിത്തന്നാലും.’
















