പത്തനാപുരം: വഴിയാത്രക്കാരിയുടെ മാല കവര്‍ന്ന കേസിലെ പ്രതി പോലീസ് പിടിയിലായി. വെട്ടിക്കവല തലച്ചിറ താഴത്ത് ജംഗ്ഷനില്‍ മൊട്ടക്കല്‍ താഴേതില്‍ വീട്ടില്‍ അനൂപ് തങ്ങള്‍ (26) ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. രണ്ട് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. പുന്നല മുമ്മൂല ജംഗ്ഷനു സമീപം കാല്‍ നടയാത്രക്കാരിയായ അധ്യാപികയുടെ മാല അനൂപ് പൊട്ടിക്കുകയായിരുന്നു. ബൈക്കിലെത്തിയാണ് മാല കവര്‍ന്നത്. തുടര്‍ന്ന് അധ്യാപിക ബൈക്കിന്റെ നമ്പര്‍ രേഖപ്പെടുത്തി പോലീസില്‍ പരാതിപ്പെട്ടു. വെട്ടിക്കവലയിലുള്ള വീട്ടിലെത്തിയ അന്വേഷണസംഘം അനൂപിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ശേഖരിക്കുകയും അത് ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുകയുമായിരുന്നു. നമ്പര്‍ പിന്‍തുടര്‍ന്ന് കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെയാണ് എസ്‌ഐ രാഹുല്‍ രവീന്ദ്രന്റെയും സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിന്റെയും നേതൃത്വത്തിലുളള അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.
















