നാഗൗര്‍(രാജസ്ഥാന്‍): സ്വയംസേവകരുടെ ഗണവേഷത്തിലെ പ്രധാന ഭാഗമായ കാക്കി നിക്കറുകള്‍ മാറ്റി പകരം പാന്റ് ഉപയോഗിക്കാന്‍ ആര്‍എസ്എസ് തീരുമാനം. ബ്രൗണ്‍(വുഡ് ബ്രൗണ്‍) നിറത്തിലുള്ള പാന്റുകളായിരിക്കും ഇനി ഗണവേഷമായി ഉപയോഗിക്കുക. ആറുമാസത്തിനുള്ളില്‍ പുതിയ ഗണവേഷം നിലവില്‍ വരുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി അറിയിച്ചു.
കാലാനുസൃതമായ മാറ്റങ്ങള്‍ ഗണവേഷത്തില്‍ വരുത്തേണ്ടതുണ്ടെന്ന് സര്‍കാര്യവാഹ് പറഞ്ഞു. മാറ്റങ്ങളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടുപ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. മാറ്റങ്ങളില്ലാതെ, കാലത്തെ തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല ആര്‍എസ്എസ് എന്നും ഭയ്യാജി ജോഷി പറഞ്ഞു.
പുതിയ ഗണവേഷം നിലവില്‍ വരുന്നതിനാല്‍ ശാരീരിക് കാര്യക്രമങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന വാദങ്ങളെ അദ്ദേഹം ഖണ്ഡിച്ചു. കരാട്ടെയും കുങ്ഫുവും മറ്റ് ആയോധനകലകളും അഭ്യസിക്കുന്നവര്‍ പാന്റാണ് ഉപയോഗിക്കുന്നത്. പാന്റ് വളരെ അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്ത്രമാണ്. ഏതുവസ്ത്രം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉപയോഗിച്ചാലും അതാകും ആര്‍എസ്എസിനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമായി മാറുക. അതില്‍ ട്രൗസറെന്നോ പാന്റെന്നോ ഉള്ളവ്യത്യാസങ്ങളുണ്ടാകില്ല. പാന്റിന്റെ ഡിസൈന്‍ സംബന്ധിച്ച തീരുമാനങ്ങള്‍ അന്തിമമായിട്ടില്ല. 4-6 മാസത്തിനുള്ളില്‍ പുതിയ ഗണവേഷം നിലവില്‍ വന്നു തുടങ്ങും, ഭയ്യാജി ജോഷി പറഞ്ഞു.
നിലവിലെ ഗണവേഷം 1940 മുതലാണ് ആര്‍എസ്എസ് ഉപയോഗിച്ച് വന്നത്. അതിനുമുമ്പ് കാക്കി നിക്കറും കാക്കി ഷര്‍ട്ടുമായിരുന്നു ഗണവേഷം. 1940ല്‍ കാക്കി ഷര്‍ട്ട് മാറ്റി വെള്ള ഷര്‍ട്ട് ഉപയോഗിക്കാന്‍ തുടങ്ങി. പുതിയ ഗണവേഷം ബ്രൗണ്‍ പാന്റും വെള്ള ഫുള്‍ക്കൈ ഷര്‍ട്ടുമായിരിക്കും. ക്യാപ്, ബെല്‍റ്റ്, ഷൂ, സോക്‌സ് എന്നിവയിലൊന്നും മാറ്റങ്ങളില്ല. അഖിലഭാരതീയ പ്രതിനിധിസഭയാണ് ഗണവേഷത്തിലെ പുതിയ മാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.
















