കൊല്ലം: ജില്ലയില്‍ സീറ്റിനെ സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചയില്‍ ചടയമംഗലം വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണെങ്കിലും ഏറ്റെടുക്കണമോ വേണ്ടയോ എന്നതിനെ സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ മുസ്ലീം ലീഗിന് കഴിഞ്ഞിട്ടില്ല. സിപിഐ നിലനിര്‍ത്തി വരുന്ന മണ്ഡലത്തില്‍ നിലമെച്ചപ്പെടുത്തതക്ക ശേഷി കോണ്‍ഗ്രസിനില്ല എന്ന് കണക്കുകൂട്ടുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. അഥവാ ഏറ്റെടുക്കേണ്ടിവന്നാല്‍ സീറ്റുമായിബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന തര്‍ക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ കീറാമുട്ടിയാകും. 2001ല്‍ നേടിയ വിജയമൊഴിച്ചാല്‍ കോണ്‍ഗ്രസിന് ഒരിക്കല്‍ പോലും ഈ മണ്ഡലത്തിന്മേല്‍ ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി പല പഞ്ചായത്തിലും ഒപ്പമെത്തിയതും സീറ്റ് തങ്ങള്‍ക്ക് അനുകൂലമാക്കാമെന്ന തോന്നല്‍ കോണ്‍ഗ്രസിന് നഷ്ടമാക്കിയിരിക്കുന്നു. ഇതാണ് ലീഗിനു നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പ്രതീക്ഷ ഇല്ലാത്ത സീറ്റു ഏറ്റെടുക്കുവാന്‍ ലീഗിന്റെ ജില്ലാനേതൃത്വം തയ്യാറാകുന്നുമില്ല. എന്നാല്‍ അടുത്തിടെ ഇടതുപക്ഷത്തുനിന്നും വന്ന മണ്ഡലത്തില്‍ തന്നെയുള്ള ആളെ മത്സരിപ്പിച്ച് മതേതര പ്രതിഛായ ഉണ്ടാക്കാമെന്ന കണക്കുക്കൂട്ടലും സംസ്ഥാനനേതൃത്വത്തിന് ഇല്ലാതില്ല. മറ്റു പലരുടെ അവസരം നഷ്ടപ്പെടുമെന്നതുകൊണ്ട് ജില്ലക്കുള്ളില്‍ തന്നെ ഇതിനെതിരായി ശക്തമായ എതിര്‍പ്പുയരുന്നു. മറ്റു ചില മണ്ഡലത്തിനായാണ് ഇവരുടെ ശ്രമം.
















