ബംഗളൂരു: ബംഗളൂരുവിൽ യുവാവ് കാമുകിയുടെ വീടിന് തീവച്ചു. കാമുകിയും സഹോദരിയുമടക്കം വീട്ടിലുണ്ടായിരുന്ന നാല് പേർക്ക് പൊള്ളലേറ്റു. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ കാമുകി ആശുപത്രിയിലാണ്.
കാമുകിയായ മേഘ്ന വിവാഹം ഉടന്‍ വേണ്ടെന്ന് പറഞ്ഞതാണ് ശ്രീരാംപുര സ്വദേശിയായ ദീപകിനെ പ്രകോപിപ്പിച്ചത്. ദീപകിനെ പോലീസ് അറസ്റ്റ് ചെയ്തു.മേഘ്നയുടേയും (21) സഹോദരി സഞ്ജനയുടേയും (16) പരുക്ക് ഗുരുതരമാണ്.
അർദ്ധരാത്രി തൊട്ടടുത്തുള്ള കെട്ടിടത്തിന് മുകളിൽ നിന്നാണ് ദീപക് വീടിനകത്തേയ്‌ക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. രണ്ട് ലിറ്റർ പെട്രോളാണ് ഒഴിച്ചത്. ഈ സമയം മേഘ്നയും സഹോദരിയും മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. പിന്നീട് ഇവരുടെ രക്ഷിതാക്കളുടെ മുറിയിലേയ്‌ക്കും ദീപക് പെട്രോൾ ഒഴിച്ച് തീ കൊടുത്തു. ഹാളിലും അടുക്കളയിലും തീ പടർന്ന് വലിയ നാശമുണ്ടായി.
തീ പടര്‍ന്നതോടെ സമീപവാസികളെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവശേഷം ദീപക് വീടിന്റെ മതില്‍ ചാടി കടന്ന് രക്ഷപ്പെടുകയും ചെയ്തു. ഇയാളുടെ കാലിന് പരുക്കേറ്റതൊഴിച്ചാല്‍ വേറെ പരുക്കൊന്നുമുണ്ടായിട്ടില്ല. താനാണ് വീടിന് തീയിട്ടതെന്ന് ദീപക് പൊലീസിനോട് വ്യക്തമാക്കി.
രണ്ടാംവര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയാണ് മേഘ്ന. ദേവയ്യ പാര്‍ക്കില്‍ മെഡിക്കല്‍ ഷോപ്പില്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് ദീപക്.
















