മുംബൈ: ലോകകപ്പ് ട്വന്റി20ക്കു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ആറു വിക്കറ്റ് ജയം. കിവികള്‍ ഉയര്‍ത്തിയ 169 റണ്‍സ് നാലു പന്ത് ബാക്കിനില്‍ക്കെ മറികടന്നു ഇംഗ്ലണ്ട്. സ്‌കോര്‍: ന്യൂസിലന്‍ഡ് – 169/8 (20), ഇംഗ്ലണ്ട് – 170/4 (19.2/20).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് 169 റണ്‍സിലെത്തിയത്. 39 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സറും സഹിതം 63 റണ്‍സെടുത്തു വില്യംസണ്‍.
19 റണ്ണുമായി പുറത്താകാതെ നിന്ന റോസ് ടെയ്‌ലറുടേതാണ് രണ്ടാമത്തെ മികച്ച സ്‌കോര്‍. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നും, റീസ് ടോപ്ലേ രണ്ടും, ക്രിസ് ജോര്‍ദന്‍, ബെന്‍ സ്റ്റോക്‌സ്, മോയീന്‍ അലി എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
ഓപ്പണര്‍മാര്‍ ജെയ്‌സണ്‍ റോയിയും (55), അലക്‌സ് ഹെയ്ല്‍സും (44) മികച്ച തുടക്കം നല്‍കിയതോടെ ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലേക്കടുത്തു. 36 പന്തില്‍ ഏഴു ഫോറും രണ്ട് സിക്‌സറും സഹിതം റോയിയുടെ ഇന്നിങ്‌സ്. പിന്നീട് ജയിംസ് ബട്‌ലര്‍ (24 നോട്ടൗട്ട്), നായകന്‍ ഇയാന്‍ മോര്‍ഗന്‍ (20) എന്നിവരും സംഭാവന നല്‍കിയതോടെ ഇംഗ്ലണ്ട് ജയം നുകര്‍ന്നു. കിവികള്‍ക്കായി മിച്ചല്‍ സാന്റ്‌നറും നഥാന്‍ മക്കല്ലവും രണ്ട് വീതം വിക്കറ്റെടുത്തു.
















