സത്യം ആദ്ധ്യാത്മിക അറിവാകുന്നു. ഈ വെളിച്ചത്തില്‍ ലോകം സൃഷ്ടിക്കപ്പെട്ടു. ഈ വെളിച്ചത്തെ ക്കൊണ്ടത്രെ ലോകത്തെ രക്ഷിക്കുന്നത്. ഈ വെളിച്ചത്തിനാണ് സത്യമെന്നു പറയുന്നത്. ഈ വെളിച്ചം സമ്പൂര്‍ണ്ണജ്ഞാനമാണ്. ഈ സമ്പൂര്‍ണ്ണജ്ഞാനമത്രെ സ്വയംപ്രകാശം. ഈ സമ്പൂര്‍ണ്ണജ്ഞാനം മര്‍ത്യശരീരത്തിലെത്തി അറിവു കൊണ്ടും സല്‍ക്കര്‍മ്മങ്ങള്‍ കൊണ്ടും അറിവുകേടാകുന്ന മാലിന്യത്തെയും അധര്‍മ്മഫലമായ ഇരുട്ടിനെയും നിശ്ശേഷം ഭസ്മീകരിച്ചു ദേവലോകത്തെയും ദേവന്മാരെയും സൃഷ്ടിക്കുന്നു. ഈ വാസ്തവത്തെ സ്ഥാപിച്ച് സ്ഥാനാര്‍ത്ഥികളായി നിന്നവരെയാണ് അവതാരങ്ങളെന്നും ഗുരുക്കന്മാരെന്നും ദേവന്മാരെന്നും ഭാഗ്യാനുഭവസ്ഥരാകയാല്‍ പലനാമങ്ങളോതി ഭഗവാന്മാരെന്ന് ഇവരെ ലോകം ഘോഷിക്കുന്നത്. ഈ ദേവന്മാരെ ലോകം ആരാധിക്കുന്നതിനാണ് ദേവാരാധനയെന്നു പറയുന്നത്.
ദേവാരാധനയെന്നാല്‍ അവരുടെ നാമത്തെ ലോകര്‍ക്കു നിയമമായിത്തീര്‍ന്നിരിക്കയാല്‍ ആ നിയമത്തില്‍ തെറ്റാതെ ഈ നിത്യനിയമത്തെ നിത്യാരാധനയായും, തെറ്റിക്കൂടാത്തതിനാല്‍ സത്യാരാധനയായും നില്‍ക്കുന്നതാകുന്നു. ഇങ്ങനെ ഇവര്‍ നിത്യവെളിച്ചമായും സത്യവെളിച്ചമായും നിന്നു സത്യത്തിനു സാക്ഷികളായി പ്രകാശിക്കുന്നു. സത്യം എന്നുള്ളതിന്റെ സ്ഥാപകനത്രെ. ഇങ്ങനെ മുറമുറയായി സത്യത്തിനു സാക്ഷികളായി നിന്നവരത്രെ വിശുദ്ധന്മാര്‍. അതുകൊണ്ട് അവതാരഗുരുക്കന്മാരുടെ പിന്‍ഗാമികളായ വിശുദ്ധന്മാരുടെ ജീവിതാവസ്ഥ അവരുടെ ഗുരുക്കന്മാരുടെ നാമത്തിന് കുറ്റപ്പെടുത്താതിരിക്കത്തക്ക നിലയില്‍ ആയിരിക്കണം. വെളിച്ചത്തിനാണ് സത്യം എന്നു പറയുന്നത്. ഈ വെളിച്ചം സമ്പൂര്‍ണ്ണ ജ്ഞാനമാണ്.
















