ആലപ്പുഴ: വേനല്‍ കനത്തതോടെ തണ്ണിമത്തനും ജ്യൂസും വില്പന സജീവമായി. പകല്‍സമയത്തെ കനത്ത ചൂടിന് ആശ്വാസം തേടിയാണ് ജനം തണ്ണിമത്തനെ ആശ്രയിക്കുന്നത്. ശരീരതാപനിലയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവും സാധാരണക്കാര്‍ക്കു പ്രാപ്യമായ വിലയുമാണ് തണ്ണിമത്തനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.
വഴിയോരങ്ങളില്‍ തല്കാലികമായി ആരംഭിച്ച വില്പനശാലകളിലും കടകളിലും ദിവസേന നൂറുകണക്കിനു കിലോ തണ്ണിമത്തനാണ് വിറ്റു പോകുന്നത്. കിലോയ്‌ക്ക് 15രൂപ മുതല്‍ 20രൂപവരെ ഈടാക്കിയാണ് വില്പന. സാധാരണ തണ്ണിമത്തന്‍ കിലോ 15രൂപ പ്രകാരം ലഭിക്കുമ്പോള്‍ കിരണ്‍ ഇനത്തില്‍ പെട്ട ചെറിയ തണ്ണിമത്തനു 20രൂപയാണ് കിലോയ്‌ക്കു വില.
കുരു അധികമില്ലാത്തതിനാല്‍ ഈ ഇനം തണ്ണിമത്തനാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ വാങ്ങുന്നതിലേറെയും. മറ്റു ജ്യൂസുകള്‍ക്കു വിപണിയില്‍ കുറഞ്ഞത് 30രുപ നല്കുമ്പോള്‍ തണ്ണിമത്തന്‍ ജ്യൂസിനു 15രൂപയാണ് ഈടാക്കുന്നത്.
ചിലയിടങ്ങളില്‍ പത്തുരൂപയും ഈടാക്കുന്നുണ്ട്. സാധാരണ ഒരു വില്പന കേന്ദ്രത്തില്‍ ദിവസം 500കിലെ തണ്ണിമത്തന്‍ വിറ്റുപോകുന്നുണ്ട്. 200 ജ്യൂസുകളും ദിവസേന വില്പന നടക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
തമിഴ് നാട്ടില്‍ നിന്നും ലോറിക്കാണ് തണ്ണിമത്തന്‍ എത്തിക്കുന്നത്. മൊത്ത വില്പനകേന്ദ്രത്തില്‍ രണ്ടുദിവസത്തിലൊരിക്കല്‍ ലോഡെത്തും. മൂന്നു മാസങ്ങള്‍ക്കു മുമ്പുമുതല്‍ തണ്ണിമത്തന്‍ കടകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും എത്തിയിരുന്നെങ്കിലും ചെന്നൈക്കു സമീപ ഗ്രാമങ്ങളിലെ വിളവെടുപ്പ് കാലമായതോടയാണ് കൂടുതലായി തണ്ണിമത്തനുകള്‍ കേരളത്തിലേക്കു എത്തിത്തുടങ്ങിയത്.
















