മുഹമ്മ: മത്സ്യമാര്‍ക്കറ്റിലെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള താത്കാലിക ഷെഡ്ഡ് പൊളിച്ച് നീക്കുന്നതിനുള്ള ശ്രമം കച്ചവടക്കാരും ബിജെപി പ്രവര്‍ത്തകരും തടഞ്ഞു. ഇതേത്തുടര്‍ന്ന് കെട്ടിടം പൊളിക്കല്‍ താല്‍ക്കാലികമായി പഞ്ചായത്ത് നിര്‍ത്തിവച്ചു. മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെയാണ് ഷെഡ്ഡ് പൊളിക്കല്‍ ആരംഭിച്ചതെന്നാണ് കച്ചവടക്കാരുടെ ആരോപണം. എന്നാല്‍ മാര്‍ക്കറ്റിലേയ്‌ക്കുള്ള ഗതാഗതം തടസ്സപ്പെട്ടതു മൂലമുണ്ടായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷെഡ്ഡ് പൊളിച്ചുനീക്കി നവീകരണ പ്രവര്‍ത്തനം നടത്താന്‍ പഞ്ചായത്ത് തീരുമാനമെടുത്തത്. ഇവിടെ കച്ചവടം ചെയ്യുന്ന മൂന്നു പേരെ മാറ്റി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മാര്‍ക്കറ്റിന്റെ വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതി ഉപേക്ഷിക്കാന്‍ ഉദ്ദേശമില്ലെന്നും മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ പറഞ്ഞു.
















