കോഴിക്കോട്: ഗുണ്ടാപ്പിരിവ് നടത്തിയതിന് മൂന്ന് പേര്‍ അറസ്റ്റില്‍. കളിമണ്ണെടുത്ത സ്ഥലത്ത് മണ്ണിറക്കാനെത്തിയ സംഘത്തെ ഭീഷണിപ്പെടുത്തുകയും 18,000 രൂപ തട്ടിയെടുക്കുകയും ചെയ്തതിന് മൂന്നംഗ സംഘം പിടിയിലായത്. രാമനാട്ടുകര കണ്ണങ്കണ്ടാരി വീട്ടില്‍ ബൈജു(45), മലാപ്പറമ്പ് അന്താരപറമ്പില്‍ പ്രദീപ്(30), പെരുമുഖം പരീകാട്ടില്‍ ശ്യാംജിത്ത്(26) എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
രാമനാട്ടുകര ഐലാളത്ത് വീട്ടില്‍ സജിത്തിന്റെ പരാതിപ്രകാരമാണ് അറസ്റ്റ്. രാമനാട്ടുകരയ്‌ക്ക് സമീപം കഴിഞ്ഞ ദിവസം ലോറിയില്‍ മണ്ണിറക്കാനെത്തിയ സജിത്തിനെ മൂവര്‍സംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. സ്ഥലത്ത് മണ്ണിറക്കുന്നതിനെ തടയുമെന്നും എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കാന്‍ 25,000 രൂപ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരീക്കാതെ സജിത്തിന്റെ കയ്യില്‍ നിന്ന് പണം തട്ടിപ്പറിക്കുകയായിരുന്നു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(അഞ്ച്)യില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.
















