ഇസ്ലാമബാദ്: ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ എത്തും. ലോകകപ്പില്‍ പങ്കെടുക്കാനുള്ള പുരുഷ-വനിതാ ടീമുകള്‍ക്ക് പാക് സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയതോടെ സുരക്ഷാ പ്രശ്‌നത്തിന്റെ പേരില്‍ ടീമിന്റെ കാര്യത്തിലുണ്ടായിരുന്ന അനിശ്ചിതത്വം നീങ്ങി. നേരത്തെ സുരക്ഷയുടെ പേരില്‍ പാക്ക് ടീമിന്റെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. മാര്‍ച്ച് 19ന് കൊല്‍ക്കത്തയിലാണ് ഇന്ത്യ പാക്ക് പോരാട്ടം.
ലോകകപ്പില്‍ നിന്നു പാക്കിസ്ഥാന്‍ വിട്ടുനിന്നാല്‍ തങ്ങള്‍ക്കു നിയമവഴി സ്വീകരിക്കേണ്ടിവരുമെന്നു ഐസിസി മുന്നറിയിപ്പു നല്‍കിയിരുന്നു. ധര്‍മ്മശാലയില്‍ നിന്നു മത്സരം മാറ്റിയതോടെ പാക്കിസ്ഥാന്റെ ആശങ്കകള്‍ പരിഹരിക്കപ്പെട്ടുവെന്നും ലോകകപ്പില്‍ ടീമിനെ അയയ്‌ക്കേണ്ട ബാധ്യത പാക്കിസ്ഥാനുണ്ടെന്നും ഐസിസി വ്യക്തമാക്കി. പാക്കിസ്ഥാന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിച്ചിരുന്നെങ്കില്‍ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരമായി ഐസിസിക്ക് നല്‍കേണ്ടിവരുമായിരുന്നു.
ഇന്ത്യയിലെ സുരക്ഷ സംബന്ധിച്ച് രേഖാമൂലം ഉറപ്പു ലഭിച്ചാല്‍ മാത്രമേ ടീമിനെ അയയ്‌ക്കാന്‍ സാധിക്കുവെന്നായിരുന്നു പാക് നിലപാട്. ഇന്ത്യയിലേക്ക് ആരുവന്നാലും അവര്‍ക്ക് മതിയായ സുരക്ഷ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. പാക്കിസ്ഥാനെന്നല്ല, ഏതു രാജ്യത്തുനിന്നുള്ളവരാണെങ്കിലും സുരക്ഷ നല്‍കും. അതിനു സംശയം വേണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വവുമായി ബന്ധപ്പെട്ടാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്.
















