കുട്ടനാട്: കാവാലം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 5.50ലക്ഷംമുടക്കി 70 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന ബണ്ട് സ്വകാര്യ വ്യക്തിയെ സഹായിക്കാനാണെന്ന് ആക്ഷേപമുയരുന്നു. ഈ ബണ്ടുനിര്‍മ്മാണം പൊതുജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കില്ലെന്നാണ് പരാതിയുയരുന്നത്.
ഇതുസംബന്ധിച്ച് പ്രദേശവാസിയും ബിഎംഎസ് ജില്ലാ പ്രസിഡന്റുമായ ബി. രാജശേഖരന്‍ ജില്ലാകളക്ടര്‍, ആര്‍ഡിഒ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. മുന്‍ ബ്ലോക്കു മെമ്പറുടെ സഹോദരന്റെ പുരയിടത്തിന് സംരക്ഷണം നല്‍കുന്നതിന് നിലവും പൊതു തോടും നികത്തിയെടുക്കുന്നതിനും സഹായകരമാണ് വണ്ടകപ്പള്ളി റോഡുമുതല്‍ പാത്തടി പാടശേഖരം വരെയുള്ള ബണ്ടുനിര്‍മ്മാണം. കുന്നുമ്മയിലെ 12, 13 വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് നല്ല റോഡ് അത്യാവശ്യമാണ്.
വണ്ടകപ്പള്ളി പാലത്തിനു സമീപം വരെ മാത്രമേ നിലവില്‍ കാറും ഓട്ടോറിക്ഷയും വരികയുള്ളൂ. പാലത്തിന്റെ വീതി കൂട്ടിയാല്‍ മാത്രമേ ജനങ്ങള്‍ക്ക് പ്രയോജനപ്പടുകയുള്ളൂ. ബണ്ടുനിര്‍മ്മാണം 200 മീറ്ററെങ്കിലും ദീര്‍ഘിപ്പിച്ച് പാലത്തിന്റെ വീതിയും വര്‍ദ്ധിപ്പിച്ചാല്‍ ജനങ്ങളുടെ യാത്രാസൗകര്യം വര്‍ദ്ധിക്കും.
അതിനാല്‍ നെല്‍വയല്‍ നികത്തി സ്വകാര്യ വ്യക്തിക്കു മാത്രം ഗുണം ചെയ്യുന്ന പദ്ധതി നിര്‍ത്തിവയ്‌ക്കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.
















