ചേര്‍ത്തല: ചാലിപ്പള്ളിയില്‍ യാത്രാക്ലേശം രൂക്ഷം, പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ഗ്രാമനിവാസികളുടെ ആവശ്യത്തിന് നേരെ അധികാരികള്‍ മുഖം തിരിക്കുന്നു. തണ്ണീര്‍മുക്കം പഞ്ചായത്ത് 15, 16, 20 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ചാലിപ്പള്ളി നിവാസികള്‍ക്ക് ബസ് യാത്ര സാധ്യമാകണമെങ്കില്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് മറ്റ് സ്ഥലങ്ങളില്‍ എത്തേണ്ട സ്ഥിതിയാണ്. തോടും ചിറയും ചതുപ്പും നിറഞ്ഞ ഇവിടെ മുന്‍കാലങ്ങളില്‍ സഞ്ചരിക്കുന്നതിന് കടത്തുവള്ളങ്ങളെയും മറ്റുമാണ് ഇവിടത്തുകാര്‍ ആശ്രയിച്ചിരുന്നത്.
മണവേലിയേയും ചാലിപ്പള്ളിയേയും ബന്ധിപ്പിച്ചും കോല്‍ത്താംതുരുത്തിലുമായി രണ്ടു പാലങ്ങള്‍ നിര്‍മിച്ചതോടെ കടത്തുവള്ളങ്ങള്‍ സര്‍വീസ് നിര്‍ത്തി. മണവേലിയില്‍ നിന്ന് ചാലിപ്പള്ളിയിലൂടെ തണ്ണീര്‍മുക്കം കരിക്കാട് ഭാഗത്തേക്ക് നബാര്‍ഡിന്റെ പദ്ധതിയിലുള്‍പ്പെടുത്തി റോഡും നിര്‍മിച്ചിരുന്നു. ഇവിടം വഴി മുട്ടത്തിപ്പറമ്പ് മുഹമ്മ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചെങ്കിലും പിന്നീട് സര്‍വീസ് മുടങ്ങുകയായിരുന്നു.
റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് സര്‍വീസ് നിര്‍ത്തി വച്ചത്. പ്രദേശവാസികളുടെ വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ റോഡ് സഞ്ചാര യോഗ്യമാക്കിയെങ്കിലും ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. പ്രദേശവാസികള്‍ കോക്കോതമംഗലം പഞ്ചായത്ത് കവലയിലോ മുട്ടത്തിപ്പറമ്പ് ഷാപ്പ് കവലയിലോ എത്തിയാണ് നിലവില്‍ ബസ് യാത്രചെയ്യുന്നത്.
അന്‍പത് രൂപയോളം ഇതിനായി ഓട്ടോകൂലിയും നല്‍കേണ്ട സ്ഥിതിയാണ്. ഇതിന് പരിഹാരം കാണുന്നതിനായി ചാലിപ്പള്ളി വഴി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ചേര്‍ത്തല, മണവേലി, ചാലിപ്പള്ളി, സ്‌കൂള്‍കവല വഴി കോട്ടയത്തേക്ക് ഈറൂട്ടിലൂടെ മുഹമ്മയിലേക്കും ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ ചേര്‍ന്ന് എടിഒയ്‌ക്ക് പരാതി നല്‍കിയിട്ടുണ്ട്.
















