ആലപ്പുഴ: സുനാമി ദുരന്തം നേരിടാന്‍ ജില്ല സജ്ജമാണോയെന്നു പരിശോധിക്കുന്നതിനുള്ള മോക്ഡ്രില്‍ ഇന്ന് ആലപ്പുഴ ബീച്ചില്‍ നടക്കും. ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പു വരുന്നതുമുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതുവരെയുള്ള ഘട്ടങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയും മറ്റു വകുപ്പുകളും സ്വീകരിക്കേണ്ട യുദ്ധകാല നടപടികളാണ് മോക്ഡ്രില്ലില്‍ ഉള്‍പ്പെടുത്തുക.
മോക് ഡ്രില്ലില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം സുനാമി ദുരന്തസമയത്ത് സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും എടുക്കും. ഉച്ചയ്‌ക്ക് 12.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് മോക്ഡ്രില്‍. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്ന് സാങ്കല്‍പ്പിക സുനാമി അറിയിപ്പ് ലഭിച്ചാലുടന്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാകും.
ആലപ്പുഴ ബീച്ചില്‍ കടല്‍ത്തീരത്തുനിന്ന് 250 മീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും. ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റും. റിക്രിയേഷന്‍ മൈതാനമാണ് താല്‍ക്കാലിക സുരക്ഷിതസ്ഥാനമായി നിശ്ചയിച്ചിരിക്കുന്നത്.
സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്ന ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനും മറ്റുമായി വ്യോമസേനയുടെയും നാവികസേനയുടെയും ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് എയര്‍ഡ്രോപ്പിങ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കും.
ജില്ലയിലെ ദുരന്തനിവാരണ സംവിധാനങ്ങളുടെ കാര്യക്ഷത ഉറപ്പാക്കാനും സുനാമി ദുരന്ത മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് സുനാമി മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.
















