കറാച്ചി: പാക്കിസ്ഥാന്റെ വിഖ്യാത പേസ് ബൗളര്‍ വസിം അക്രം വാതുവെപ്പിന്റെ രാജാവെന്ന് ആരോപണം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡംഗമായ ഷക്കീല്‍ ഷെയ്ഖ് ആണ് അക്രത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യാ കപ്പില്‍ പാക് ടീം ദയനീയമായി തോറ്റതിനെക്കുറിച്ച് അന്വേഷിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ അക്രം രംഗത്തുവന്നതാണ് ഷക്കീല്‍ ഷെയ്ഖിനെ ചൊടിപ്പിച്ചത്.
വാതുവെപ്പിലും ഒത്തുകളിയിലും വസിം അക്രത്തിനുള്ള പങ്ക് വ്യക്തമാക്കുന്ന ഫയലുകള്‍ തന്റെ പക്കലുണ്ട് എന്നും ഇവ പുറത്ത് വിടുമെന്നുമാണ് ഷക്കീല്‍ ഷെയ്ഖിന്റെ ഭീഷണി
. വസിം അക്രം സ്വിംഗിന്റെ രാജാവല്ല, വാതുവെപ്പിന്റെ രാജാവാണെന്നും ഷക്കീല്‍ പറയുന്നു. ആരെയെങ്കിലും വിമര്‍ശിക്കാനിറങ്ങുന്നതിന് മുമ്പ് സ്വന്തം ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞുനോക്കണമെന്നും അക്രം എങ്ങനെയുള്ള വ്യക്തിയാണെന്ന് കൂടെ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അറിയാമെന്നും ഷെയ്ഖ് പറഞ്ഞു.
ലോകകപ്പിന് തൊട്ടുമുമ്പായി ഒരു അന്വേഷണ കമ്മീഷനെ വെക്കുന്നതിനെയാണ് വസിം അക്രം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.
രണ്ടായിരത്തിന്റെ തുടക്കത്തില്‍ പാക് ക്രിക്കറ്റിലെ വാതുവെപ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മാലിക് ഖയൂം കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ അക്രത്തിന്റെ പേരുണ്ടായിരുന്നു. ഈ രേഖകള്‍ പരസ്യമാക്കുമെന്നാണ് ഷക്കീല്‍ ഷെയ്ഖ് ഭീഷണിപ്പെടുത്തുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റില്‍ വിജയിച്ച ഇസ്ലാമാദ് യുണൈറ്റഡിന്റെ ഡയറക്ടറും കൂടിയാണ് ഷക്കീല്‍ ഷെയ്ഖ്.
















