മാഡ്രിഡ്: റോമയെ തകര്‍ത്ത് റയല്‍ മാഡ്രിഡും കെഎഎ ജെന്റിനെ കെട്ടുകെട്ടിച്ച് വോള്‍വ്‌സ്ബര്‍ഗും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. തുടര്‍ച്ചയായ ആറാം തവണയാണ് റയല്‍ മാഡ്രിഡ് അവസാന എട്ടില്‍ ഇടംപിടിക്കുന്നത്.
ആദ്യ പാദത്തില്‍ 2-0ന് ജയിച്ച റയല്‍ മാഡ്രിഡ് ഇന്നലെ പുലര്‍ച്ചെ സമാപിച്ച രണ്ടാം പാദത്തിലും ഇതേ മാര്‍ജിനില്‍ വിജയം നേടി. ഇരുപാദങ്ങളിലുമായി 4-0ന്റെ വിജയവുമായാണ് റയല്‍ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്. 64-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 68-ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസുമാണ് ഗോള്‍ നേടിയത്.
ലാ ലിഗയിലെ അവസാന മത്സരത്തില്‍ നാലു ഗോളുകള്‍ നേടി ഗോളടിയില്‍ പുതുചരിത്രം കുറിച്ചാണ് റോണോ സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റോമക്കെതിരെ ബൂട്ടുകെട്ടിയത്. ഈ സീസണില്‍ ക്രിസ്റ്റിയാനോ 40 ഗോളുകള്‍ തികയ്‌ക്കുകയും ചെയ്തു. കൂടാതെ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ 61 ഗോളുകളാണ് ക്രിസ്റ്റിയാനോ ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്.
കളിയിലും ഷോട്ടുകള്‍ പായിക്കുന്നതിലും റയലിന്റെ ഏഴയലത്തുപോലും എത്താന്‍ റോമക്ക് കഴിഞ്ഞില്ല. 37 തവണയാണ് ക്രിസ്റ്റിയാനോയും കൂട്ടരും റോമ പോസ്റ്റിനെ ലക്ഷ്യം വച്ചത്. റോമ പായിച്ചതിനേക്കാള്‍ മൂന്നിരട്ടിയായിരുന്നു ഇത്. കളിയുടെ തുടക്കം മുതല്‍ എതിര്‍ ബോക്‌സിനെ ലക്ഷ്യം വെച്ച് ആക്രമണം മെനഞ്ഞ റയലിന് ഒമ്പതാം മിനിറ്റില്‍ ആദ്യ അവസരം ലഭിച്ചു. എന്നാല്‍ ടോണി ക്രൂസ് ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് റോമ ഗോളി രക്ഷപ്പെടുത്തി.
ഇതിന് മുമ്പ് രകിസ്റ്റിയാനോയും മാഴ്‌സെലോയും അവസരങ്ങള്‍ പാഴാക്കിയിരുന്നു. 13-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ റോമയുടെ എഡിന്‍ സെക്കോ പന്ത് പുറത്തേക്കടിച്ചുകളഞ്ഞു. 21-ാം മിനിറ്റില്‍ റയല്‍ താരം ലൂക്കാ മോഡ്രിച്ചിന്റെ ഷോട്ട് റോമ ഗോളി രക്ഷപ്പെടുത്തി. പിന്നീട് 31-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഷോട്ടും റോമ ഗോളിയുടെ മികവിനു മുന്നില്‍ വിഫലമായി. ആദ്യ പകുതിയില്‍ മാത്രം 18 തവണയാണ് റയല്‍ എതിര്‍ പോസ്റ്റ് ലക്ഷ്യംവച്ച് ഷോട്ട് പായിച്ചത്. എന്നാല്‍ ഒരിക്കല്‍ പോലും വല കുലുങ്ങാതിരുന്നതോടെ ആദ്യപകുതി ഗോള്‍രഹിതം.
രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റ് തികയുന്നതിന് മുന്നേ ജെയിംസ് റോഡ്രിഗസിന്റെ ഷോട്ട് റോമ ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ റോമയുടെ മുഹമ്മദ് സലാഹ് അവസരം നഷ്ടപ്പെടുത്തി. 54-ാം മിനിറ്റില്‍ റയലിന്റെ മാഴ്‌സെലോയുടെയും 56-ാം മിനിറ്റില്‍ റോമയുടെ അലസ്സാന്‍ഡ്രോ ഫ്‌ളോറന്‍സിന്റെയും ഷോട്ടുകള്‍ ഇരുഗോളികളും രക്ഷപ്പെടുത്തി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 64-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍. ലൂക്കാസ് വാസ്‌ക്വസ് നല്‍കിയ പാസ് സ്വീകരിച്ച് ക്ലോസ് റേഞ്ചില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പായിച്ച ഷോട്ടാണ് റോമ വലയില്‍ കയറിയത്. നാല് മിനിറ്റിനുശേഷം റയല്‍ പട്ടിക പൂര്‍ത്തിയാക്കി.
ക്രിസ്റ്റിയാനോ തള്ളിക്കൊടുത്ത പന്തുമായി ബോക്‌സില്‍ പ്രവേശിച്ചശേഷം ജെയിംസ് റോഡ്രിഗസ് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ റയലിനോട് ആശ്വാസ ഗോള്‍ നേടാന്‍ റോമക്കോ കഴിഞ്ഞില്ല. ഇരുടീമുകളിലെയും ഗോളിമാരുടെ തകര്‍പ്പന്‍ പ്രകടനമാണ് കളി രണ്ട് ഗോളില്‍ അവസാനിക്കാന്‍ കാരണം. 88-ാം മിനിറ്റില്‍ റോമന്‍ താരം ഡീഗോ പെറോട്ടിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിക്കുകയും ചെയ്തു.
ബല്‍ജിയം ക്ലബ് കെഎഎ ജെന്റിനെ രണ്ടാം പാദത്തില്‍ 1-0ന് പരാജയപ്പെടുത്തിയാണ് വിഎഫ്എല്‍ വോള്‍വ്‌സ്ബര്‍ഗ് അവസാന എട്ടിലേക്ക് കുതിച്ചത്.
ആദ്യ പാദ എവേ മത്സരത്തില്‍ 3-2ന് വിജയിച്ച വോള്‍വ്‌സ്ബര്‍ഗ് ഇരുപാദങ്ങളിലുമായി 4-2ന്റെ ആധികാരിക വിജയമാണ് നേടിയത്. ആദ്യമായാണ് വോള്‍വ്‌സ്ബര്‍ഗ് ചാമ്പ്യന്‍സ് ലീഗിന്റെ അവസാന എട്ടില്‍ ഇടംപിടിക്കുന്നത്. രണ്ടാം പാദത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 74-ാം മിനിറ്റില്‍ ആന്ദ്രെ ഷറള്‍ നേടിയ ഗോളിനാണ് വോള്‍വ്‌സ്ബര്‍ഗ് വിജയം നേടിയത്.
















