കൊച്ചി: ഭാരത സര്‍ക്കാരിന്റെ നിതി ആയോഗ് അംഗവും മുന്‍ ഡിആര്‍ഡിഒ ഡയറക്ടറുമായ പത്മഭൂഷണ്‍ ഡോ. വി.കെ. സാരസ്വത് കൊച്ചി സര്‍വ്വകലാശാലയിലെ അത്യാധുനിക സ്ട്രാറ്റോസ്ഫിയര്‍-ട്രോപ്പോസ്ഫിയര്‍ റഡാറിന്റെ പ്രവര്‍ത്തനം വീക്ഷിച്ചു.
കൊച്ചി സര്‍വ്വകലാശാലയിലെ തദ്ദേശനിര്‍മ്മിതമായ റഡാര്‍ കേന്ദ്രത്തെ പ്രധാനമന്ത്രിയുടെ മേക്ക്-ഇന്‍-ഇന്ത്യ പദ്ധതിയില്‍പ്പെടുത്തി ദേശീയ പ്രാധാന്യമുള്ള കേന്ദ്രമാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കേന്ദ്രത്തെ ഭൗമമന്ത്രാലയവും കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പുമായും ബന്ധപ്പെടുത്തി, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി കോഴ്സുകള്‍ തുടങ്ങാന്‍ ശുപാര്‍ശ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയില്‍, കുസാറ്റ് റഡാര്‍ മാതൃകയില്‍, കാലാവസ്ഥാ പഠനം വ്യാപകമാക്കുന്നതിന് 20ഓളം തദ്ദേശ റഡാര്‍ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നതായും സാരസ്വത് വ്യക്തമാക്കി.
കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ശക്തിയേറിയ ഹൈപവര്‍ കമ്പ്യൂട്ടര്‍ കേന്ദ്രസഹായത്തോടെ സര്‍വ്വകലാശാലയില്‍ സ്ഥാപിക്കാനും റഡാര്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതി ഉറപ്പാക്കുന്നതിന് സൗരോര്‍ജ്ജപാനലുകളും ബാറ്ററികളും സ്ഥാപിച്ചു നല്‍കുന്നതിന് കേന്ദ്രം നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡസ്ട്രി-ഇന്സ്റ്റിറ്റിയൂഷന്-ഇന്ററാക്ഷന് വിഭാഗത്തില്‍പ്പെടുത്തി റഡാര്‍ കേന്ദ്രം ഉയര്‍ത്തുന്നതിനെക്കുറിച്ച് പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതി ഉടന്‍തന്നെ നടപടികള്‍ എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുസാറ്റ് വൈസ്ചാന്‍സലര്‍ ഡോ. ജെ.ലത, പ്രൊ വൈസ്ചാന്‍സലര്‍ ഡോ.കെ. പൗലോസ് ജേക്കബ്, രജിസ്ട്രാര്‍ ഡോ. എസ്. ഡേവിഡ് പീറ്റര്‍, എസ്. ടി. റഡാര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ. മോഹന്‍കുമാര്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. കുസാറ്റ് റഡാര്‍ കേന്ദ്രത്തെക്കുറിച്ചുള്ള പ്രസന്റേഷനും ഡോ.കെ. മോഹന്‍കുമാര്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: