ന്യൂദല്‍ഹി: തന്റെ പ്രവര്‍ത്തനങ്ങളെ ബൈനോക്കുലര്‍ ഉപയോഗിച്ച് നിരീക്ഷിച്ച് കണ്ടെത്തുന്ന കോണ്‍ഗ്രസ്, അവരുടെ പ്രവര്‍ത്തനങ്ങളെ നോക്കിയിരുന്നെങ്കില്‍ നന്നാകുമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയ്‌ക്കുള്ള മറുപടി പ്രസംഗത്തിലാണ് മോദി കോണ്ഗ്രസിനെതിരെ ആഞ്ഞടിച്ചത്.
ഞങ്ങള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോള്‍ അത് പ്രതിപക്ഷത്തിനെതിരായ ആക്രമണമായാണ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഞാന്‍ മന്‍മോഹന്‍ സിംഗിനെ പോലൊരു സാമ്പത്തിക വിദഗ്ദനല്ലാത്തത് കൊണ്ട് തന്നെ അത്രയ്‌ക്ക് വിവരം എനിയ്‌ക്കില്ല. എന്നാല്‍ ചില കാര്യങ്ങളൊക്കെ അറിയാം. മുദ്ര ബാങ്കിന്റെ ഏറ്റവും വലിയ പ്രയോക്താക്കള്‍ ദളിതരും മറ്റ് പിന്നാക്ക വിഭാഗക്കാരും സ്ത്രീകളുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഞങ്ങള്‍ക്ക് നാല് ലക്ഷത്തോളം സ്‌കൂളുകളില്‍ ശൗചാലയം ഉണ്ടാക്കേണ്ടി വന്നത് കോണ്‍ഗ്രസിന്റെ കുഴപ്പം കൊണ്ടാണ്. കര്‍ഷകരുടെ വരുമാനം 2022 ആകുമ്പോഴേക്കും ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്‌ക്കണം. സുസ്ഥിര വളര്‍ച്ചയ്‌ക്ക് വ്യക്തമായ നയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന സര്‍ക്കാര്‍ തന്നെ വേണം. കെട്ടിക്കിടക്കുന്ന മുന്നൂറോളം പദ്ധതികള്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഇവിടെ രണ്ട് തരത്തിലുള്ള ആളുകളാണുള്ളത്. ഒന്ന് എന്തെങ്കിലും ചെയ്യുന്നവര്‍, രണ്ട് അതിന്റെ നേട്ടത്തില്‍ അവകാശവാദം ഉന്നയിയ്‌ക്കുന്നവര്‍. നമ്മള്‍ ഇതില്‍ ആദ്യത്തെ ആളുകളെ പോലെ ആവാന്‍ ശ്രമിക്കണം. കാരണം അവിടെ മത്സരം കുറവാണ്. ഇത് ഇന്ദിരാഗാന്ധി പറഞ്ഞതാണെന്നും മോദി പറഞ്ഞു.
സബ്‌സിഡിയ്‌ക്ക് അര്‍ഹതയുള്ളവര്‍ക്ക് ആവശ്യമായ സമയത്ത് അത് ലഭിയ്‌ക്കണം. അതേ സമയം അത് പണം സമ്പാദ്യമായി സൂക്ഷിയ്‌ക്കാനുള്ള വഴിയാവരുതെന്നും മോദി പറഞ്ഞു.
















