ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ ഇന്നു കരുത്തരുടെ അങ്കം. മുന്‍ ചാമ്പ്യന്‍ ചെല്‍സി തട്ടകത്തില്‍ ഫ്രഞ്ച് ലീഗില്‍ എതിരില്ലാതെ കുതിക്കുന്ന പാരീസ് സെന്റ് ജര്‍മനെ നേരിടും. പാരീസിലെ ആദ്യ പാദത്തില്‍ 2-1ന് തോറ്റ ചെല്‍സിക്ക് സ്വന്തം കാണികളുടെ മുന്‍പില്‍ ജയിച്ചേ തീരു. ഇന്ത്യന്‍ സമയം ഇന്നു രാത്രി ഒന്നരയ്‌ക്ക് മത്സരം.
തോറ്റെങ്കിലും എവേ ഗോളിന്റെ ആനുകൂല്യമുണ്ട് ചെല്‍സിക്ക്. പ്രീമിയര്‍ ലീഗ് കിരീടം കൈവിട്ടുവെന്ന് ഏറെക്കുറെ ഉറപ്പായ ടീമിന് ചാമ്പ്യന്‍സ് ലീഗിലൂടെയെങ്കിലും മുഖം രക്ഷിക്കണം. മൗറീഞ്ഞോയെ പുറത്താക്കിയതിനു പകരമെത്തിയ ഗസ് ഹിഡിങ്കസിനു കീഴില്‍ പുതിയ ഊര്‍ജം തേടുന്നു നീലപ്പട. തുടര്‍ പരാജയങ്ങളില്‍നിന്ന് ഏറെക്കുറെ മുക്തമായെങ്കിലും പൂര്‍ണമായി സ്ഥിരത പുലര്‍ത്താനായിട്ടില്ല ചെല്‍സിക്ക്.
മറുവശത്ത് ഫ്രഞ്ച് ലീഗില്‍ തകര്‍പ്പന്‍ ഫോമിലാണ് സെന്റ് ജര്‍മന്‍. അവസാന രണ്ടു കളികളില്‍ തോല്‍വിയും സമനിലയും പിണഞ്ഞെങ്കിലും അതൊന്നും ലോറന്റ് ബ്ലാങ്കിന്റെ സംഘത്തെ ബാധിക്കില്ല. ലീഗില്‍ ടീമിന് ജയമില്ലാതെ പോയത് ഈ രണ്ടു കളികളില്‍ മാത്രം. നാട്ടില്‍ ജയം വാരിക്കൂട്ടുമ്പോഴും യൂറോപ്പില്‍ തിളങ്ങാനാകാത്തതിന്റെ പരിക്ക് തീര്‍ക്കുക ലക്ഷ്യമിട്ടാണ് ഇത്തവണ പിഎസ്ജിയുടെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ റയല്‍ മാഡ്രിഡിനോട് പിണഞ്ഞ തോല്‍വിയൊഴിച്ചാല്‍ അവരുടെ പ്രകടനം തൃപ്തികരം. വന്‍ തോക്കുകള്‍ക്കെതിരെയുള്ള ഈ തിരിച്ചടികളാണ് അവരെ നൊമ്പരപ്പെടുത്തുന്നതും.
ഡീഗോ കോസ്റ്റ, ഏദന്‍ ഹസാര്‍ഡ്, ഓസ്‌കര്‍, നെമഞ്ജ മാറ്റിക്, സെസ്‌ക് ഫാബ്രിഗസ്, വില്യന്‍ തുടങ്ങി ലോക ഫുട്‌ബോളിലെ ഒരുപിടി പ്രമുഖരുണ്ട് ഇംഗ്ലീഷ് ടീമിന്റെ ജഴ്‌സിയില്‍. എന്നാല്‍, പ്രീമിയര്‍ ലീഗില്‍ ഈ മികവ് ടീമിനെ തുണച്ചില്ല. തിബൗട്ട് കോര്‍ട്ടിയൂസ് വല കാക്കുന്ന പോസ്റ്റിനു മുന്നില്‍ പ്രതിരോധക്കോട്ടയുയര്‍ത്താന്‍ നായകന്‍ ജോണ്‍ ടെറിയും സെസാര്‍ അസ്പിലിക്യൂട്ടയും സജ്ജം. ഗാരി കാഹില്‍, ബ്രെയ്ന്‍സ്ലാവ് ഇവാനോവിച്ച് തുടങ്ങിയവരും പ്രതിരോധത്തില്‍ കരുത്ത്.
ഏദന്‍ ഹസാര്‍ഡ്, വില്യന്‍, ഫാബ്രിഗസ്, ജോണ്‍ ഒബി മൈക്കല്‍, പെഡ്രോ, മാറ്റിക്, ഓസകര്‍ എന്നിവരടങ്ങിയ മധ്യനിരയും ഭാവനാസമ്പന്നം. ഒബി മൈക്കലാണ് പാരീസില്‍ എവേ ഗോള്‍ സമ്മാനിച്ചത്. ഇവരില്‍ ആരെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തണെന്നു മാത്രമേ ഹിഡിങ്കിനും ആവലാതിയുണ്ടാകു. ഡീഗോ കോസ്റ്റയാകും മുന്നേറ്റത്തിലെ കുന്തമുന. ലോയിക് റെമിയെയാകും കോസ്റ്റയ്‌ക്കൊപ്പം അണിനിരത്തുക.
താരസമ്പുഷ്ടമാണ് പാരീസ് സെന്റ് ജര്‍മനും. മധ്യനിരക്കാര്‍ ബ്ലെയ്‌സ് മറ്റിയുഡിയുടെയും മാര്‍ക്കോ വെരാറ്റിയുടെയും പരിക്കാണ് ലോറന്റ് ബ്ലാങ്കിനെ ചിന്തിപ്പിക്കുന്നത്. ഈ സീസണിലെ ഏറ്റവും വലിയ മത്സരമെന്നു വിശേഷിപ്പിക്കുന്ന സ്റ്റംഫോഡ് ബ്രിഡ്ജിലെ അങ്കത്തിന് ഇവരില്ലെങ്കില്‍ തിരിച്ചടിയാകും. രണ്ടു പേരും ടീമിനൊപ്പം ലണ്ടനിലെത്തിയിട്ടുണ്ട്. 4-3-3 ശൈലിയാണ് ബ്ലാങ്ക് തെരഞ്ഞെടുക്കുക.
ഫുള്‍ ടീമാകും കളിക്കുകയെങ്കില്‍ വല കാക്കാന്‍ ട്രാപ്പ്. പ്രതിരോധത്തില്‍ തിയാഗോ സില്‍വയും ഡേവിഡ് ലൂയിസും സ്റ്റോപ്പര്‍മാരുടെ റോള്‍ നിര്‍വഹിക്കും. വിങ്ങില്‍ മാക്‌സ്‌വെല്ലും മാര്‍ക്വിനോസും. മറ്റിയുഡി, തിയാഗോ മോട്ട, വെരാറ്റി ത്രയും മധ്യനിരയെ ചലിപ്പിക്കും. ലൂക്കാസും ഇബ്രാഹിമോവിച്ചും ഏയ്ഞ്ചല്‍ ഡി മരിയയും മുന്നേറ്റത്തില്‍. എഡിന്‍സണ്‍ കവാനി പകരക്കാരന്റെ റോളില്‍. വെരാറ്റിയില്ലെങ്കില്‍ പാസ്റ്റോറും, മറ്റിയൂഡി മാറിയാല്‍ റാബിയോറ്റും പകരക്കാരാകും.
അവസാനത്തെ അഞ്ചു മുഖാമുഖങ്ങളില്‍ ഓരോ ജയം വീതം ഇരു ടീമുകള്‍ക്കുമുണ്ട്. 2014ല്‍ സ്റ്റംഫോഡ് ബ്രിഡ്ജില്‍ നീലപ്പട ജയം കണ്ടു. പിന്നീട് പാരീസിലും ലണ്ടനിലുമായി നടന്ന മൂന്നങ്കളും ഒപ്പത്തിനൊപ്പം. കഴിഞ്ഞ മാസമാണ് ആ കെട്ടുപൊട്ടിച്ച് സെന്റ് ജര്‍മന്‍ ജയം നുകര്‍ന്നത്.
















