ഗ്രൂപ്പ് ബിയില്‍
ഹോങ്കോങ്ങിനെ 14 റണ്‍സിന് കീഴടക്കി
വുശി സിബന്ദ കളിയിലെ താരം
നാഗ്പ്പൂര്‍: ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ ജയം സിംബാബ്‌വെയ്‌ക്ക്. കടുത്ത പോരാട്ടത്തില്‍ ഹോങ്കോങ്ങിനെ 14 റണ്‍സിന് കീഴടക്കി സിംബാബ്‌വെ. ഓപ്പണര്‍ വുശി സിബന്ദയുടെ (59) പ്രകടനം അവര്‍ക്ക് ജയം സമ്മാനിച്ചപ്പോള്‍, രാജ്യാന്തര മത്സരങ്ങളിലെ പരിചയക്കുറവ് ഹോങ്കോങ്ങിന് തിരിച്ചടിയായി.
സ്‌കോര്‍: സിംബാബ്‌വെ – 158/8 (20), ഹോങ്കോങ് – 144/6 (20).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന സിംബാബ്‌വെയെ ഹോങ്കോങ് ബൗളര്‍മാര്‍ പരീക്ഷിച്ചു. പിടിച്ചുനിന്ന് പൊരുതിയ സിബന്ദയാണ് അടിത്തറയിടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 46 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സറും സഹിതം സിബന്ദ 59 റണ്‍സെടുത്തു.
13 പന്തില്‍ മൂന്നു സിക്‌സര്‍ പറത്തി പുറത്താകാതെ 30 റണ്‍സെടുത്ത എല്‍ട്ടണ്‍ ചിഗുംബരയാണ് സ്‌കോര്‍ നൂറ്റമ്പത് കടത്തിയത്. മാല്‍ക്കം വാല്ലര്‍ (26), നായകന്‍ ഹാമില്‍ട്ടണ്‍ മസ്‌കാഡ (20), സീന്‍ വില്യംസ് (12) എന്നിവരും രണ്ടക്കം കണ്ടു. രണ്ട് വിക്കറ്റ് വീതമെടുത്ത തന്‍വീര്‍ അഫ്‌സലും ഐസാസ് ഖാനുമാണ് ഹോങ്കോങ് ബൗളര്‍മാരില്‍ തിളങ്ങിയത്. നദീം അഹമ്മദ് ഒരു വിക്കറ്റെടുത്തു.
ഓപ്പണറായെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജാമി അറ്റ്കിന്‍സണിന്റെ (53) തകര്‍പ്പന്‍ പ്രകടനവും ആറാമനായെത്തി 17 പന്തില്‍ പുറത്താകാതെ 31 റണ്‍സെടുത്ത നായകന്‍ തന്‍വീര്‍ അഫ്‌സലിന്റെ ആക്രമണോത്സുകതയും ഹോങ്കോങ്ങിന് ജയ പ്രതീക്ഷ നല്‍കിയെങ്കിലും പരിചയക്കുറവ് കളി തുലച്ചു. 44 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സറും നേടി അറ്റ്കിന്‍സണ്‍. മൂന്നു ഫോറും ഒരു സിക്‌സറും തന്‍വീറിന്റെ ബാറ്റില്‍നിന്ന് പിറന്നു.
മാര്‍ക് ചമ്പാന്‍ (19), അന്‍ഷുമാന്‍ റാത്ത് (13) എന്നിവരും രണ്ടക്കം കണ്ടെങ്കിലും മറ്റാര്‍ക്കും പിന്തുണ നല്‍കാനായില്ല. ഡൊണാള്‍ഡ് ട്രിപാനോയും തെന്ദായ് ചതരയും രണ്ട് വിക്കറ്റ് വീതമെടുത്തപ്പോള്‍, വെല്ലിങ്ടണ്‍ മസ്‌കാഡയ്‌ക്കും സിക്കന്ദര്‍ റാസയ്‌ക്കും ഓരോ വിക്കറ്റ്. സിബന്ദയാണ് കളിയിലെ താരം. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ സിംബാബ്‌വെയ്‌ക്ക് രണ്ടു പോയിന്റായി.
















