ആലപ്പുഴ: പല കാര്യങ്ങളിലും ഏറെ മുന്നിലാണെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പരിരക്ഷ ഇപ്പോഴും ലഭിക്കുന്നില്ലെന്ന് ജില്ലാ ജഡ്ജി ആനി ജോണ്‍ പറഞ്ഞു. ഹോമിയോപ്പതി വകുപ്പ് നടപ്പാക്കുന്ന സീതാലയം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷവും മാതൃസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.
ഇവിടെ ഇപ്പോഴും സ്ത്രീകള്‍ക്ക് രാത്രി എട്ടുമണിക്ക് ശേഷം പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല. കുടുംബങ്ങളില്‍ തന്നെ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാത്ത സ്ഥിതിവിശേഷം നിലവിലുണ്ട്. ഇന്ത്യയിലെത്തന്നെ പല വന്‍നഗരങ്ങളിലും സ്ത്രീകള്‍ രാത്രിയില്‍ ജോലിക്കും മറ്റും യാത്രചെയ്യുന്നുണ്ട്. ഇവിടെ ഇത്തരം യാത്രകള്‍ ഇപ്പോഴും സുരക്ഷിതമെന്ന് ഉറപ്പില്ല. കുട്ടികള്‍ എങ്ങനെ വളരുന്നു എന്ന് പല കുടുംബങ്ങള്‍ക്കും അറിയില്ല. സ്ത്രീകളും അമ്മമാരും കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗരൂകരാകണം. അവര്‍ക്ക് നല്ല സംരക്ഷണം നല്‍കാന്‍ അമ്മമാര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും ജില്ലാ ജഡ്ജി പറഞ്ഞു.
ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ മുഖ്യാതിഥിയായി. ഡി.എംഒ ഡോ.എസ്. ഇന്ദു, നിയമസേവന അതോറിറ്റി സെക്രട്ടറി ഷാജഹാന്‍, വനിതാസെല്‍ സിഐ മീനാകുമാരി, ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. സൂസണ്‍ ജോണ്‍, കായംകുളം ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ. സുഭദ്രാമ്മ എന്നിവര്‍ പ്രസംഗിച്ചു.
















