കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് വ്യക്തികളുടെ സംശയകരമായ ഇടപാടുകള്‍ സംബന്ധിച്ച് ബാങ്കുകള്‍ പ്രതിദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ബാങ്കുകളുടെ റിപ്പോര്‍ട്ടുകള്‍ ജില്ലാ വരണാധികാരി വിശകലനത്തിനും അന്വേഷണത്തിനുമായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന് കൈമാറും. 10 ലക്ഷത്തില്‍പരം രൂപയുടെ സംശയകരമായ ഇടപാടിന്റെ വിവരം ആദായ നികുതി വകുപ്പ് നോഡല്‍ ഓഫീസര്‍ക്കോ ജില്ലയുടെ ചുമതലയുള്ള അസി./ഡെപ്യൂട്ടി ഡയറക്ടര്‍ക്കോ നല്‍കും. താഴെ പറയുന്ന രീതിയിലുള്ള സംശയകരമായ ഇടപാടുകളാണ് ശ്രദ്ധിക്കേണ്ടത്.
തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 10 ലക്ഷത്തില്‍ കൂടുതലുള്ള തുക പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുകയും കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇ ത്തരം ഒരിടപാട് ഇല്ലാതിരിക്കുകയും ചെയ്യുക. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ ഒരു ജില്ലയിലെ/മണ്ഡലത്തിലെ ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് നിരവധി പേരുടെ അക്കൗണ്ടുകളിലേക്ക് അസാധാരണമായ വിധത്തില്‍ ആര്‍ടിജിഎസ് (റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ്) മുഖേന പണം കൈമാറുകയും കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത്തരം ഒരിടപാട് ഇല്ലാതിരിക്കുകയും ചെയ്യുക. സ്ഥാനാര്‍ഥിയുടെയോ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ, സ്ഥാനാര്‍ഥിയുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞ പ്രകാരമുള്ള ആശ്രിതരുടെയോ അക്കൗണ്ടുകളില്‍നിന്ന് ഒരുലക്ഷത്തില്‍ കൂടുതലുള്ള തുക പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുക. സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാവും. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടില്‍നിന്ന് ഒരു ലക്ഷത്തില്‍ കൂടുതലുള്ള തുക പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുക. വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്കാന് ഉപയോഗിക്കാവുന്ന രീതിയില്‍ മറ്റേതെങ്കിലും സംശയകരമായ ഇടപാടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: