ശുകസത് പരമാം സിദ്ധിമാപ്തവാന്‍ ദേവ സത്തമ
കിം ചകാര തതോ വ്യാസസ്തന്നോ ബ്രൂഹി സവിസ്തരം
ശിഷ്യാ വ്യാസസ്യ യേപ്യാസന്‍ വേദാഭ്യാസപരായണാ:
ആജ്ഞാമാദായ തേ സര്‍വ്വേ ഗതാ: പൂര്‍വ്വം മഹീതലേ
ശ്രീശുകന്‍ പരമപദം പ്രാപിച്ചശേഷം വ്യാസന്‍ എന്താണ് ചെയ്‌തെന്ന് ഋഷികള്‍ ചോദിച്ചതിനുത്തരമായി സൂതന്‍ പറഞ്ഞു: വേദപഠനത്തിനായി എത്തിച്ചേര്‍ന്ന ശിഷ്യഗണങ്ങള്‍ പഠനം കഴിഞ്ഞു വ്യാസനെവിട്ടു പോയി. അതില്‍ അസിതന്‍, ദേവലന്‍, വൈശമ്പായനന്‍, സുമന്തു, ജൈമിനി എന്നിവരെല്ലാം പെടുന്നു. മകന്‍ മരിച്ചു, ശിഷ്യന്മാര്‍ തന്നെ വിട്ടുപോവുകയും ചെയ്തപ്പോള്‍ ആകുലചിത്തനായ വ്യാസന്‍ ഗൃഹം ഉപേക്ഷിച്ചു പുറപ്പെട്ടു അദ്ദേഹം തന്റെ അമ്മയായ സത്യവതിയെപ്പറ്റി ആലോചിച്ചു. അമ്മയെപ്പറ്റി ധ്യാനിച്ചുകൊണ്ട് താന്‍ പിറന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. അന്ന് താന്‍ വിട്ടുപോയപ്പോള്‍ ദുഖിച്ചു തളര്‍ന്നു നിന്നിരുന്ന അമ്മ ഇപ്പോളെവിടെ എന്നദ്ദേഹം അന്വേഷിച്ചു. ‘അവരെ ശന്തനുമഹാരാജാവിന് വിവാഹം ചെയ്തു കൊടുത്തു’ എന്നാണു ദാശരാജാവില്‍ നിന്നും അദ്ദേഹത്തിനു കിട്ടിയ വിവരം.
ദാശരാജാവ് പറഞ്ഞു: ‘അങ്ങ് ഇവിടെ വന്നു ഞങ്ങളുടെ കുലത്തെ പാവനമാക്കി. ദേവന്മാര്‍ക്ക് പോലും ദുര്‍ലഭമാണ് അവിടുത്തെ ദര്‍ശനം. അങ്ങയുടെ ആഗമനോദ്ദേശ്യം എന്തെന്ന് പറഞ്ഞാലും. എന്റെ കുടുംബവും ഭാര്യാപുത്രാദികളുമെല്ലാം അങ്ങയുടെ ആജ്ഞാനുവര്‍ത്തികളായിരിക്കും.’
വ്യാസന്‍ അവിടെത്തന്നെ ഒരാശ്രമം സ്ഥാപിച്ചു. തപസ്സില്‍ മുഴുകി ജിതേന്ദ്രിയനായ അദ്ദേഹമവിടെ കഴിഞ്ഞു കൂടി. സത്യവതിയില്‍ ശന്തനുമഹാരാജാവിനുണ്ടായ രണ്ടു പുത്രന്മാരെ ചിത്രാംഗദനും വിചിത്രവീര്യനും വ്യാസന്‍ തന്റെ സഹോദരന്മാരായി കണക്കാക്കി ആഹ്ലാദത്തോടെ അവിടെ കഴിഞ്ഞുകൂടി. രണ്ടാളും സര്‍വ്വലക്ഷണസമ്പന്നരും രാജാവിന് ഹിതം ചെയ്യുന്നവരും ആയിരുന്നു. ശന്തനുവിന്റെ ആദ്യപുത്രന്‍ അതീവ ബലശാലിയും പരാക്രമിയും ജ്ഞാനിയുമായിരുന്ന ഗംഗേയനായിരുന്നു. (ഭീഷ്മര്‍) ഇങ്ങനെ സുഗുണസമ്പന്നരായ മൂന്നു പുത്രന്മാരുള്ളതില്‍ രാജാവ് അഭിമാനം പൂണ്ടു. ദേവന്മാര്‍ക്ക് പോലും താന്‍ അജയ്യനാണെന്ന് രാജാവിന് തോന്നി. എന്നാല്‍ കാലം കുറച്ചു കഴിഞ്ഞപ്പോള്‍ രാജാവിന്റെ ജീവന്‍ ജീര്‍ണ്ണവസ്ത്രം ഉപേക്ഷിക്കുംപോലെ ദേഹത്തെ വിട്ടു പോയി. മക്കള്‍ പിതാവിനുവേണ്ട ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്തു. ഗംഗേയന്‍ ചിത്രാംഗദനെ രാജാവായി വാഴിക്കുകയും ചെയ്തു.
വീരപരാക്രമിയായ ചിത്രാംഗദന്‍ ശത്രുക്കളില്‍ ഭയമുണ്ടാക്കി. അക്കാലത്തൊരു ദിനംരാജാവ് സന്നാഹങ്ങളുമായി നായാട്ടിനു പുറപ്പെട്ടു. അദ്ദേഹം വനത്തില്‍ മാന്‍ മുതലായ മൃഗങ്ങളെ തേടി നടക്കുമ്പോള്‍ വിമാനത്തില്‍ ആകാശഗമനം ചെയ്യുന്ന ചിത്രാംഗദന്‍ എന്നുപേരായ ഒരു ഗന്ധര്‍വ്വന്‍ ഭൂമിയില്‍ ഇറങ്ങി. തുല്യ ബലവാന്മാരായ അവര്‍ തമ്മില്‍ യുദ്ധവും തുടങ്ങി. മൂന്നു വര്‍ഷം നീണ്ട രണത്തില്‍ വച്ച് രാജാവ് മരിച്ചു. ഭീഷ്മര്‍ വിചിത്രവീര്യനെ രാജാവായി വാഴിച്ചു.
പുത്രദുഖമുണ്ടെങ്കിലും സത്യവതിക്ക് തന്റെ പുത്രന്‍ തന്നെയാണല്ലോ രാജാവ് എന്നതില്‍ സംതൃപ്തി തോന്നി. വ്യാസനും തന്റെ സഹോദരന്റെ രാജപദവിയില്‍ സന്തോഷിച്ചു. താമസിയാതെ ഭീഷ്മര്‍ വിചിത്രവീര്യന്റെ വിവാഹക്കാര്യവും ആലോചിച്ചു. അക്കാലത്ത് കാശിരാജാവ് തന്റെ മൂന്നു പുത്രിമാര്‍ക്കുമായി സ്വയംവരം നിശ്ചയിച്ചിരുന്നു. കാശിരാജാവിന്റെ കൊട്ടാരത്തില്‍ ക്ഷണിതാക്കളായി അനേകം രാജാക്കന്മാര്‍ വന്നു ചേര്‍ന്നു. ആ സമയം പരാക്രമശാലിയായ ഭീഷ്മര്‍ അവിടെയെത്തി എല്ലാവരെയും തോല്‍പ്പിച്ച് കന്യകമാരെ ഹസ്തിനപുരിയിലേയ്‌ക്ക് കൊണ്ടുപോയി. നിത്യബ്രഹ്മചാരിയയതിനാല്‍ ഈ മൂന്നുപേരെയും ഭീഷ്മര്‍ തന്റെ സഹോദരനുവേണ്ടിയാണ് കൊണ്ടുവന്നത്.
സത്യവതിയെ വിവരമറിയിച്ചു. ശുഭമുഹൂര്‍ത്തം കുറിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. ആ പെണ്‍കുട്ടികളില്‍ അതിസുന്ദരിയായ മൂത്തവള്‍ അംബ ഭീഷ്മരോട് താന്‍ സാല്വരാജാവിനെ മനസാ വരിച്ചു കഴിഞ്ഞതാണെന്നു ലജ്ജാനമ്രമുഖിയായി അറിയിച്ചു. ‘സാല്വരാജാവിനും എന്നെ ഏറെ പ്രിയമാണ്. അതിനാല്‍ അങ്ങയുടെ കുലത്തിനു ചേര്‍ന്ന രീതിയില്‍ പെരുമാറിയാലും’
















