പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ മുന്നിലുള്ള പാരീസ് സെന്റ് ജര്‍മനും സമനില. മോണ്ട്‌പെല്ലിയറിനോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു പാരീസ് ടീം. കഴിഞ്ഞ മത്സരത്തില്‍ ലിലെയോടേറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ടീം മുക്തരായിട്ടില്ലെന്ന് മത്സരം തെളിയിച്ചു. അതേസമയം, ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അടുത്തയാഴ്ച ചെല്‍സിയെ നേരിടാന്‍ തയാറെടുക്കുന്ന സെന്റ് ജര്‍മന്‍ മോണ്ട്‌പെല്ലിയറിനെതിരെ കനത്ത ആക്രമണത്തിനും മുതിര്‍ന്നില്ല. 29 കളികളില്‍ 74 പോയിന്റുമായി കിരീടത്തിലേക്ക് ഏറെക്കുറെ അടുത്തു സെന്റ് ജര്‍മന്‍.
മറ്റൊരു കളിയില്‍ രണ്ടാം സ്ഥാനക്കാരായ മൊണാക്കോയ്‌ക്കും സമനില. സീനിനോട് 2-2ന് പിരിഞ്ഞു മൊണാക്കോ. 51 പോയിന്റുമായി രണ്ടാമതുള്ള മൊണാക്കോയ്‌ക്കും കാര്യമായ ഭീഷണിയില്ല. എന്നാല്‍, മൂന്നാം സ്ഥാനത്തുള്ള നീസ് ജയം നുകര്‍ന്നു. ട്രോയസിനെ 2-1ന് കീഴടക്കി നീസ്. 44 പോയിന്റായി നീസിന്. കഴിഞ്ഞ കളിയില്‍ സെന്റ് ജര്‍മനെ കീഴടക്കിയ ലിലെ റെയ്‌മസിനെ വീഴ്‌ത്തി (2-0). ബോര്‍ഡ്യൂക്‌സ്-ഗാസെലെക് അജാസിയോ (1-1), ബാസ്റ്റിയ-ലോറിയന്റ് (0-0), ആംഗേഴ്‌സ്-സെന്റ് എറ്റെയ്ന്‍ (0-0) മത്സരങ്ങള്‍ സമനിലയില്‍.















