കോട്ടയം: താന്‍ പരിശീലിപ്പിച്ച 22 ശിഷ്യകള്‍ ദേശീയ താരങ്ങളായി ഭാരത ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയ അദ്ധ്യായങ്ങള്‍ രചിക്കുമ്പോളും പരിശീലകനായ ജോമോന്‍ സ്ഥിരജോലിക്കായി നെട്ടോട്ടത്തില്‍. വൈക്കം താലൂക്കിലെ മേവെള്ളൂര്‍ കുഞ്ഞുരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ കായികാദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ജോമോന്‍ മുന്‍കൈയെടുത്ത് രൂപീകരിച്ചതാണ് മേവെള്ളൂര്‍ വനിതാ ഫുട്‌ബോള്‍ അക്കാദമി. 24 പെണ്‍കുട്ടികളും 15 ആണ്‍കുട്ടികളും പരിശീലനം നേടുന്നു.
ഈ സ്‌കൂളിലെ കുട്ടികളുടെ കായിക മികവ് കണക്കിലെടുത്ത് 2014-ല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഇവിടെ എക്സ്റ്റന്‍ഷന്‍ സെന്റര്‍ അനുവദിച്ചിരുന്നു. ഒരു ചെറിയ ഗ്രാമമായ വെള്ളൂരില്‍നിന്ന് 22 പെണ്‍കുട്ടികള്‍ക്കാണ് ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ ഇടം കണ്ടെത്താനായത്. ഇത് ജോമോന്‍ എന്ന കായികാദ്ധ്യാപകന്റെ അക്ഷീണപരിശ്രമത്തിന്റെ ഫലമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നതുമായ കുട്ടികളാണ് ഇവിടെ പരിശീലനം നേടുന്നത്. ഇപ്പോള്‍ ഈ കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോളേജുകളിലേക്ക് ഉപരിവിദ്യാഭ്യാസത്തിനായി പോയി. കോട്ടയം ബസേലിയസ് കോളേജില്‍ പഠിക്കുന്ന മൂന്നു കുട്ടികള്‍ എംജി സര്‍വ്വകലാശാല ടീമിലും ഇടം നേടിയിരുന്നു.
മേവെള്ളൂരിലെ വനിതാ ഫുട്‌ബോള്‍ അക്കാദമിയും സായി എക്സ്റ്റന്‍ഷന്‍ സെന്ററിലും പുതിയ ടീമിനെ പരിശീലിപ്പിച്ചെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് പുതിയ പ്രശ്‌നം. പരിശീലകനായ ജോമോന് സ്‌കൂളിലെ ജോലി നഷ്ടമായതോടെയാണ് ഈ പ്രതിസന്ധി രൂപപ്പെട്ടത്. ബിഎ ഹിസ്റ്ററി ബിരുദധാരിയും ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പരിശീലനവും കരസ്ഥമാക്കിയ ജോമോന്‍ സ്ഥിരമായ ജോലി നേടുന്നതിനുള്ള ശ്രമത്തിലാണ്. സായിയില്‍ കോച്ചായി ജോലി ലഭിക്കുന്നതിനുവേണ്ടി കേരള സായി ഡയറക്ടര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി തുടങ്ങിയവര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് അദ്ദേഹം.
അന്തര്‍ദേശീയ വോളിബോള്‍ താരങ്ങളായ നാമകുഴി സിസ്റ്റേഴ്‌സിലെ വി.കെ. സാറാമ്മയുടെയും വി.കെ. ഏലിയാമ്മയുടെയും സഹോദരനാണ് ജോമോന്.















