തൃപ്പൂണിത്തുറ: യുവാക്കളെ ഏകോപിപ്പിച്ച് രണ്ട് പതിറ്റാണ്ട് മുന്‍പ് ജ്വലിക്കുന്ന നക്ഷത്രമായി തൃപ്പൂണിത്തുറ നഗരസഭയില്‍ മുന്നണി രാഷ്‌ട്രീയ കക്ഷികള്‍ക്ക് എതിരെ വിജയിച്ച വേണുഗോപാലന്‍ രാധാകൃഷ്ണന്‍ എന്ന ബ്രഹ്മന്‍ ഇനി ദീപ്തമായ ഓര്‍മ്മ. ചക്കംകുളങ്ങര ക്ഷേത്രത്തിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തങ്ങളുടെ വാര്‍ഡ് വികസനത്തിന് തങ്ങളുടെ ഇടയില്‍ നിന്നും ആരെ വേണം സ്ഥാനാര്‍ത്ഥിയാക്കുവാന്‍ എന്ന് ആലോചിച്ചപ്പോള്‍ എല്ലാവരും ബ്രഹ്മന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ചിഹ്നവും ശ്രദ്ധ നേടി. സിറ്റിംഗ് സീറ്റ് സംവരണമായപ്പോള്‍ വികസനപാതയില്‍ മുന്നേറിയ കൗണ്‍സിലര്‍ക്ക് അടുത്ത ഊഴത്തില്‍ മണ്ഡലം മാറേണ്ടി വന്നു. പക്ഷേ ശക്തമായ ചതുഷ്‌കോണ മത്സരത്തില്‍ പരാജയപ്പെട്ടു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ വികസനനയത്തില്‍ ആകൃഷ്ടനായ വേണുഗോപാല്‍ പിന്നീട് അംഗത്വം എടുക്കുകയും കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ താമര ചിഹ്നത്തില്‍ മത്സരിച്ചു വീണ്ടും കൗണ്‍സിലറായി.
അര്‍ബുദ രോഗം അലട്ടിയിട്ടും തന്റെ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ ഇത്രയും നാള്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസക്കാലമായി രോഗം മൂര്‍ഛിക്കുകയും ചെയ്തു. ശ്രേയസ് കാറ്ററിങ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ചക്കംകുളങ്ങര ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയുമായിരുന്നു. തീരുമാനങ്ങള്‍ വേണ്ട സമയത്ത് വേണ്ട രീതിയില്‍ എടുക്കുവാന്‍ വേണുവിനുള്ള കഴിവ് എല്ലാവരും അംഗീകരിച്ചിരുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് വളരെയധികം മൂല്യം കല്പിച്ചിരുന്ന ഒരു ആളായിരുന്നു ബ്രഹ്മന്‍. വട്ടപ്പേരായ ബ്രഹ്മന്‍ എന്നത് രണ്ടാമത്തെ ഔദ്യോഗിക നാമമായി. ഏതു സമയത്തും തന്റെ കാര്യം മാറ്റി വെച്ച് മറ്റുള്ളവരുടെ പ്രശ്‌ന പരിഹാരത്തിനായി സമയം കണ്ടെത്തുന്ന ഒരു സുഹൃത്ത് ആയിരുന്നു വേണു.
















