ആലപ്പുഴ: നവ മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥി മോഹികള്‍ പ്രചരണം ശ്കതമാക്കി. ഫേസ് ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലാണ് സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ അണികളെക്കൊണ്ടു പോസ്റ്റുകള്‍ ഇടുന്നത്. ബഹുവര്‍ണ ചിത്രത്തോടുകൂടിയ പോസ്റ്റുകളും, നേതാവിന്റെ അപദാനങ്ങളും, നടത്തിയ സമര പോരാട്ടങ്ങളുമെല്ലാം വിസ്തരിച്ചാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. ഇവ കഴിവതും ആളുകളിലേക്കു ഷെയര്‍ ചെയ്യിക്കുന്നതിനുള്ള ശ്രമവും നടത്തുന്നുണ്ട്. ഇതിനു ഗ്രൂപ്പടിസ്ഥാനത്തിലും പിന്തുണയുണ്ട്. മുതിര്‍ന്ന നേതാക്കളോടുള്ള അടുപ്പം അണികളെ അറിയിക്കുന്നതിനായി അത്തരത്തിലുള്ള ചിത്രങ്ങളും നവ മാധ്യമങ്ങളിലുണ്ട്. എന്‍എസ് യു ഭാരവാഹികള്‍, ഡിസിസി സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് ന്യൂജെന്‍ പ്രചരണത്തില്‍ മുന്നിലുള്ളത്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതു സംബന്ധിച്ച ഉപസമിതി നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമുമ്പുതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുവനേതാക്കള്‍ മത്സരിക്കാനുള്ള തങ്ങളുടെ ആഗ്രഹം അണികള്‍ മുഖേന നവ മാധ്യമങ്ങളില്‍ അറിയിച്ചുകഴിഞ്ഞിരുന്നു. തങ്ങളുടെ അപദാനങ്ങള്‍ മറ്റുള്ളവര്‍ പറയുന്നു എന്ന രീതിയിലാണ് പോസ്റ്റുകളിടുന്നത്. ചിലര്‍ ഇതും പോരാഞ്ഞ് അണികളെ സംഘടിപ്പിച്ച് യാത്രകള്‍ വരെ നടത്താന്‍ തയ്യാറായി കഴിഞ്ഞു.
















