ഡര്‍ബന്‍: ഡേവിഡ് മില്ലറുടെ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്കക്ക് ജയം. ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് ജയം സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 158 റണ്‍സിനെ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഡിവില്ലിയേഴ്‌സിനെ നഷ്ടമാവുകയും പിന്നീട് ആറിന് 95 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും ചെയ്തശേഷമായിരുന്നു ഡേവിഡ് മില്ലര്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. 35 പന്തുകളില്‍ നിന്ന് മൂന്ന് വീതം ഫോറും ആറുമടക്കം 53 റണ്‍സെടുത്ത് മില്ലര്‍ പുറത്താകാതെ നിന്നു. പതിമൂന്നാം അഞ്ചാം പന്തില്‍ 13 റണ്‍സെടുത്ത ഡേവിഡ് വീസ് റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. പിന്നീട് മോറിസിനെയും അബോട്ടിനെയും കൂട്ടുപിടിച്ച് ഓസീസ് ബൗളര്‍മാര്‍ക്കെതിരെ കടന്നാക്രമണം നടത്തിയ മില്ലര്‍ ടീമിന് അപ്രതീക്ഷിത വിജയം സമ്മാനിക്കുകയായിരുന്നു.
സ്‌കോര്‍ 134-ല്‍ എത്തിയപ്പോള്‍ എട്ടു റണ്‍സെടുത്ത മോറീസ് പുറത്തായെങ്കിലും ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചിരുന്നു. ട്വന്റി20യിലെ ഉയര്‍ന്ന സ്‌കോറും ആദ്യ അര്‍ദ്ധസെഞ്ചുറിയുമാണ് മില്ലര്‍ സ്വന്തമാക്കിയത്. മില്ലര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ഡു പ്ലെസിസ് (40)ഉം റുസോവ് 19 റണ്‍സും നേടി. ഡിവില്ലിയേഴ്‌സിന് പുറമെ ഡി കോക്ക് (7), ജെ.പി. ഡുമ്‌നി (5) എന്നിവര്‍ അമ്പേ പരാജയപ്പെട്ടു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ കള്‍ട്ടര്‍ നീലാണ് ഓസീസ് നിരയില്‍ മികച്ച പ്രകടനം നടത്തിയ ബൗളര്‍. ഡേവിഡ് മില്ലറാണ് മാന്‍ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്‌ക്കു തകര്‍പ്പന്‍ തുടക്കമാണ് ആരോണ്‍ ഫിഞ്ച് സമ്മാനിച്ചത്. സ്‌കോര്‍ 23-ല്‍ നില്‍ക്കെ 9 റണ്‍സെടുത്ത ഉസ്മാന്‍ കവാജ പെട്ടെന്ന് പുറത്തായെങ്കിലും ഫിഞ്ചും വാര്‍ണറും ഒത്തുചേര്‍ന്നതോടെ ഓസീസ് ഭേദപ്പെട്ട സ്‌കോറിലേക്ക് നീങ്ങി. സ്‌കോര്‍ 69-ല്‍ എത്തിയപ്പോള്‍ 11 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത വാര്‍ണറെ വീസിന്റെ പന്തില്‍ ഡുമ്‌നി മടക്കി. അധികം കഴിയും മുന്നേ 18 പന്തില്‍ 40 റണ്‍സ് അടിച്ച ഫിഞ്ചും മടങ്ങി. സ്പിന്നര്‍ ഇമ്രാന്‍ താഹിറിനായിരുന്നു വിക്കറ്റ്. ക്യാപ്റ്റന്‍ സ്മിത്ത് 6 റണ്‍സിനും മാക്‌സ്‌വെല്‍ 17 റണ്‍സെടുത്തും മടങ്ങി. അരങ്ങേറ്റക്കാരന്‍ പീറ്റര്‍ നെവില്‍ നാല് റണ്‍ മാത്രം നേടുകയും ചെയ്തതോടെ കംഗാരുക്കള്‍ ആറിന് 104 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടു. പിന്നീട് 25 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് കംഗാരുക്കളെ നയിച്ചത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഇംറാന്‍ താഹിര്‍ മൂന്നും രബാദ, വീസ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്‌ത്തി.















