സത്യത്തില്‍ മൃദുവായമര്‍ന്ന ഗുരു അനുകമ്പാമൂര്‍ത്തിയായിരുന്നു. സത്യാവബോധമുള്ള ഒരുവനേ അനുകമ്പയുള്ളവനും കരുണാമയനും ആയിത്തീരുവാന്‍ കഴിയുകയുള്ളൂ. ലോകത്ത് ഇതുവരെയുണ്ടായിട്ടുള്ള എല്ലാ ഗുരുക്കന്മാരും സഹജീവികളില്‍ പരമപ്രേമമുള്ളവരായിരുന്നു. അവര്‍ക്ക് അങ്ങനെയായിരിക്കുവാനേ കഴിയൂ. ഒന്നിനെയും അവര്‍ക്ക് നിന്ദ്യമായി കാണുവാന്‍ കഴിയുമായിരുന്നില്ല. സര്‍വ്വഭൂതവുമാത്മാവില്‍ ആത്മവിനെയുമങ്ങനെ സര്‍വ്വഭൂതത്തിലും കാണുന്നവനെന്തുള്ളു നിന്ദ്യമായ്?
ഏതൊരു സത്യാന്വേഷിയും അവസാനം കണ്ടെത്തുന്നത് തന്റെ തന്നെ ആത്മസത്തയെ തന്നെയാണ്. തന്നിലുള്ള ആത്മസത്തയെ സാക്ഷാത്ക്കരിക്കുവാന്‍ കഴിയുന്നവന് സകലതിലും അതേ ആത്മസത്തയെ ദര്‍ശിക്കുവാന്‍ കഴിയുന്നു. സകലതിനെയും തന്റെ ആത്മസത്തയില്‍ ദര്‍ശിക്കുകയും ചെയ്യുന്നു. അവനു പിന്നെയെന്താണ് നിന്ദ്യമായിട്ടുള്ളത്? അവന് ശത്രുവോ മിത്രമോ ഇല്ല. എല്ലാം ഒരു ആത്മദര്‍ശനത്തിന്റെ നിദര്‍ശനങ്ങള്‍മാത്രം .’ഈശന്‍ ജഗത്തിലെല്ലാം ആവസിക്കുന്നതുകൊണ്ട് മുക്തനായി ചിരിക്കുന്നു’. അവന്‍ ഒരിക്കലും അവനുവേണ്ടി മാത്രം ജീവിക്കുന്നില്ല. അവന്‍ ഉണ്ണുന്നതും ഉടുക്കുന്നതും ഉറങ്ങുന്നതും സകല ലോകത്തിന്റെയും സംഗ്രഹത്തിനായിത്തീരുന്നു. ഒരു പൂവ് വിടരുന്നതിലെ നിസംഗത അവന്റെ ജീവിതത്തിലുണ്ടാകുന്നത് സ്വാഭാവികം.
‘അപരനുവേണ്ടിയഹര്‍നിശം പ്രയത്‌നം കൃപണതവിട്ടു കൃപാലുചെയ്തിടുന്നു; കൃപണനധോമുഖനായ്‌ക്കിടന്നു ചെയ്യുന്ന അപജയകര്‍മ്മമവനു വേണ്ടി മാത്രം’
എന്നുപദേശിക്കുവാന്‍ ഒരു ജ്ഞാനഗുരുവിനുമാത്രമേ സാധിക്കുകയുള്ളു. ഗുരുവിന്റെ നൈതികദര്‍ശനം ഇവിടെ വെളിപ്പെടുകയാണ്. ഒരുവന്‍ തന്നില്‍ നിന്നും അന്യനല്ലാത്ത ഒരുവനോടു, സഹജീവിയോടു അനുവര്‍ത്തിക്കേണ്ടുന്ന നയം ഗുരു വ്യക്തമാക്കുന്നു. കൃപണന്‍ സ്വാര്‍ത്ഥമതിയാണ്. അവന് അവന്റ കാര്യം മാത്രം. അവന്‍ എല്ലാവരെയും അന്യരായി കാണുന്നതുകൊണ്ട് അവരുടെ പ്രിയത്തെ കണക്കിലെടുക്കുന്നില്ല.
പിന്നെ സമസൃഷ്ടിയുടെ കാര്യത്തെപ്പറ്റി പറയേണ്ടതില്ലല്ലൊ. അങ്ങനെ തികച്ചും സങ്കുചിതമായി ജീവിക്കുന്നവന്റെ ജീവിതം അവസാനം ദുഃഖത്തില്‍ കലാശിക്കുന്നു. മറ്റുള്ളവരോടു ഔദാര്യമില്ലായ്‌മയാണ് ഇതിനു കാരണം. നൈതികതയുടെ അടിസ്ഥാന തത്വമാണ് ഗുരു ഇവിടെ എടുത്തു കാട്ടിയിരിക്കുന്നത്. അതായത് അപരനുവേണ്ടി, അന്യനല്ലാത്തവനുവേണ്ടി അഹര്‍നിശം പ്രയത്‌നം ചെയ്യുവാന്‍ കൃപണതവിട്ട കൃപാലുവിനുമാത്രമേ കഴിയുകയുള്ളൂ. ഇതിനെ വെറും അനിവാര്യതയോ ആന്തരികമായ വിധേയത്വമോ ആയിട്ടല്ല മനസ്സിലാക്കേണ്ടത് എന്ന് നടരാജഗുരു പറയുന്നു. കുറേക്കൂടി മുന്നോട്ടുപോയി ഈ നൈതികതയുടെ സത്ത മനുഷ്യനിലുള്ള മനുഷ്യത്വം എന്ന ഗുണമാണെന്നു പറഞ്ഞാലും പോരാ; മനുഷ്യന് മനുഷ്യനോടുള്ള ബന്ധത്തില്‍ താനെന്നും അപരനെന്നും വ്യവഹരിച്ചു പോരാറുള്ള ഉഭയപക്ഷങ്ങളെയും, ഈ കൃതിയുടെ തന്നെ സിദ്ധാന്തമായ അദ്വൈതത്തെ ആധാരശിലയായികണ്ടുകൊണ്ട്, അതില്‍ ഉറപ്പിച്ചു നിറുത്തുന്ന ഉഭയസമന്വയലക്ഷണത്തോടുകൂടിയതായി ഈ നൈതികതയെ കാണണം എന്നാണ്. സ്വന്തം പ്രിയത്തെയും അപരന്റെ പ്രിയത്തെയും ആത്മാവിന്റെ ഏകതകൊണ്ട് സമന്വയിച്ചും അദ്വയമായി കാണണം.
സാമ്പ്രദായികമായി വേദാന്തരീതിയെയും വ്യാഖാനരീതിയെയും ഒഴിവാക്കി ആധുനികശാസ്ത്രത്തിന്റെ ചിന്താശൈലി സ്വീകരിച്ചിട്ടുള്ളവര്‍ക്കുപോലും സുസമ്മതാമായിരിക്കത്തക്കവണ്ണമാണ് നാരായണഗുരു തന്റെ ദര്‍ശനം അവതരിപ്പിച്ചിരിക്കുന്നത്. ആധുനിക വിദ്യാഭ്യാസം വേണ്ടുവോളമുണ്ടായിരുന്ന ശിഷ്യനായ നടരാജഗുരു അത്തരത്തിലുള്ള പ്രതിപാദനശൈലി സ്വീകരിച്ചുകൊണ്ട് നാരായണ ഗുരുവിന്റെ ദര്‍ശനത്തനിമ മനസ്സിലാക്കി ലോകത്ത് അവതരിപ്പിക്കുകയും ചെയ്തു.
ഭാരതീയ ചിന്തയുടെ മാത്രം നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിനിര്‍ക്കുന്നതായിരുന്നില്ല നാരായണഗുരുവിന്റെ വീക്ഷണം. എല്ലാക്കാലത്തും എവിടെയും രൂപപ്പെടാന്‍ ഇടയുള്ള എല്ലാ കാഴ്ചപ്പാടുകളെയും ഒരു വ്യവസ്ഥയോടുകൂടി കോര്‍ത്തിണക്കികൊണ്ടുള്ളതാണ് ഗുരുവിന്റ ചിന്താശൈലി എന്ന് നടരാജഗുരു സുദൃഢമാക്കുന്നു.
9447608724
















