റിയോ ഡി ജനീറോ: ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ ലിവര്‍പൂളിന്റെ മധ്യനിരതാരം ഫിലിപ്പെ കൗടീഞ്ഞോയും ജുവന്റസിന്റെ പ്രതിരോധനിര താരം അലക്‌സ് സാന്‍ഡ്രോയും ഇടംപിടിച്ചു. മുന്‍ ലോക ഫുട്‌ബോളര്‍ കാകയും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഉറുഗ്വെയ്‌ക്കും പരാഗ്വെക്കുമെതിരെയാണ് ഈ മാസം ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍. അടുത്തിടെ ചൈനീസ് ക്ലബ്ബുകളിലേക്ക് കൂടുമാറിയ ഗില്‍, റെനറ്റോ അഗസ്റ്റൂസോ എന്നിവരെയും 23 അംഗ ടീമില്‍ കോച്ച് കാര്‍ലോസ് ദുംഗ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2015 ഒക്ടോബറില്‍ അര്‍ജന്റീനയ്‌ക്കും പെറുവിനുമെതിരേ നടന്ന ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ മിഡ്ഫീല്‍ഡറായ കൗടീഞ്ഞോയെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതേസമയം 2014 നവംബറിന് ശേഷം ഇതാദ്യമായാണ് സാന്‍ഡ്രോ ബ്രസീലിയന്‍ ടീമില്‍ വീണ്ടും ഇടംപിടിക്കുന്നത്. സ്പാനിഷ് ടീമായ വലന്‍സിയയുടെ ഗോളി ഡീഗോ ആല്‍വസും വീണ്ടും ദേശീയ ടീമിലേക്ക് മടങ്ങിയെത്തി. അലിസണ്‍, മാഴ്‌സെലോ ഗ്രോഹെ എന്നീ ഗോള്‍ കീപ്പര്‍മാരും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ജെഫേഴ്‌സണ് പകരമാണ് ആല്‍വസിനെ ദുംഗ ടീമിലെടുത്തിരിക്കുന്നത്. മാര്‍ച്ച് 26നാണ് ഉറുഗ്വെക്കെതിരായ മത്സരം. 29ന് പരാഗ്വെയെയും നേരിടും.
ബ്രസീല്‍ടീം: ഗോള്‍കീപ്പര്‍മാര്‍: ആലിസണ്‍, മാഴ്‌സലോ ഗ്രോഹെ, ഡീഗോ ആല്‍വസ്.
പ്രതിരോധനിര: ഡേവിഡ് ലൂയിസ്, മാര്‍ക്വിഞ്ഞോസ്, മിരാന്‍ഡ, ഗില്‍, ഡാനിലൊ, ഡാനി ആല്‍വെസ്, ഫിലിപ്പെ ലൂയിസ്, അലക്‌സ് സാന്‍ഡ്രോ.
മധ്യനിര: ലൂയിസ് ഗുസ്താവൊ, ഫെര്‍ണാണ്ടീഞ്ഞോ, റെനറ്റോ അഗസ്റ്റൂസോ, ഫിലിപ്പെ കൗടീഞ്ഞോ, ഓസ്‌കാര്‍, വില്യന്‍, ലൂക്കാസ് ലിമ, കാക, ഡഗ്ലസ് കോസ്റ്റ.
മുന്നേറ്റനിര: നെയ്‌മര്‍, ഹള്‍ക്ക്, റിക്കാര്‍ഡൊ ഒലിവേര.
















