മുംബൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിരയിലെ കരുത്തനും യുവനിരയിലെ ശ്രദ്ധേയനുമായ സന്ദേശ് ജിംഗാന്‍ ഐ ലീഗ് ടീമായ ഡിഎസ്‌കെ ശിവാജിയന്‍സിലേക്ക്.
ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് വായ്‌പാ അടിസ്ഥാനത്തിലാണ് ജിംഗാന്‍ പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലബ്ബിലേക്ക് മാറുന്നത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ രണ്ടാമത്തെ ടീമായ ശിവാജിയന്‍സിന് ജിംഗാന്റെ വരവ് ഏറെ ഗുണം ചെയ്യുമെന്ന് അധികൃതര്‍ കരുതുന്നു. കഴിഞ്ഞമാസം നേപ്പാളിനെതിരേ സാഗ് ഗെയിംസ് ഫുട്‌ബോള്‍ ഫൈനലിലാണ് ഇന്ത്യക്കായി ജിംഗാന്‍ അവസാനമായി കളത്തിലിറങ്ങിയത്. കഴിഞ്ഞ സീസണില്‍ കേരള ടീമിനായി 22കാരനായ ജിംഗാന്‍ പത്ത് മത്സരങ്ങള്‍ കളിച്ചിരുന്നു.
















