ന്യൂദല്‍ഹി: മികച്ച പാര്‍ലമെന്റേറിയന്‍, നയചാതുര്യത്തോടെ, അസാധ്യമായ വഴക്കത്തോടെ ലോക്‌സഭയെ നയിച്ച സ്പീക്കര്‍, മൃദുഭാഷി…അന്തരിച്ച പി. എ. സാംഗ്മയെന്ന പൂര്‍ണോ അഗിതോക്ക് സംഗ്മയുടെ വിശേഷണങ്ങള്‍ അനവധിയാണ്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് എതിരെ മല്‍സരിച്ച സാംഗ്മ പക്ഷെ മുഖര്‍ജിയുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്.
സാംഗ്മ സ്പീക്കറായിരിക്കെയാണ്, ഭാരതത്തില്‍ ജനിച്ചവര്‍ക്കു മാത്രമേ ഭരണഘടനാ പദവികള്‍ വഹിക്കാന്‍ കഴിയൂയെന്ന നിയമം കൊണ്ടുവരാന്‍ ബില്‍ അവതരിപ്പിച്ചത്. ഇത് വലിയ വിവാദമായിരുന്നു.
ഭാരതം സ്വാതന്ത്ര്യം നേടിയതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ അര്‍ദ്ധരാത്രിയില്‍ പാര്‍ലമെന്റ്‌സമ്മേളനം വിളിച്ചുചേര്‍ത്ത അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം അരങ്ങേറിയതും സാംഗ്മ സ്പീക്കറായിരുന്ന കാലത്താണ്.
1947 സപ്തംബര്‍ ഒന്നിന് മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്‍സില്‍ ചപാഹട്ടിയെന്ന ്രഗാമത്തില്‍ ഡിപ്‌ചോന്‍ മറക്, ചിമ്‌റി എ സാംഗ്മ എന്നിവരുടെ മകനായി ജനിച്ചു.ഷില്ലോംഗിലെ സെന്റ് അന്തോണീസ് കോളേജില്‍ നിന്ന് ബിഎ ഓണേഴ്‌സ്. ദിബ്രുഗഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ പാസായി.
1973ല്‍ മേഘാലയ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി. 74ല്‍ ജനറല്‍ സെക്രട്ടറിയും.75 മുതല്‍ 80 വരെ പിസിസി അധ്യക്ഷന്‍.
77ല്‍ ആറാം ലോക്‌സഭയിലേക്ക് തുറ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഒന്‍പതുതവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 88 മുതല്‍ 90 വരെ മേഘാലയ മുഖ്യമന്ത്രി. 96 മുതല്‍ 98 വരെ ലോക്‌സഭാ സ്പീക്കര്‍. ആറുമുതല്‍ എട്ടാം ലോക്‌സഭവരെയും പത്തു മുതല്‍ പതിനാലാം സഭവരെയും ഇപ്പോള്‍ പതിനാറാം സഭയിലും അംഗമായിരുന്നു.
സോണിയയുടെ പൗരത്വ പ്രശ്‌നത്തില്‍ കടുത്ത നിലപാട് എടുത്ത് കോണ്‍ഗ്രസ് നിലപാടിനെതിരെ തിരിഞ്ഞ സാംഗ്മയും ശരദ് പവാറും താരിഖ് അന്‍വറും ചേര്‍ന്നാണ് 99ല്‍ എന്‍സിപി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) രൂപീകരിച്ചത്. പിന്നീട് പവാറിന്റെ തീരുമാനപ്രകാരം എന്‍സിപി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും സാംഗ്മ അനുകൂലിച്ചില്ല. പവാറിന്റെ നിലപാടിനെതിരെ സാംഗ്മ നിലകൊണ്ടു, ഇതിന്റെ ഫലമായി 2004 ജനുവരിയില്‍ എന്‍സിപി പിളര്‍ന്നു. തന്റെ നിയന്ത്രണത്തിലുള്ള വിഭാഗവുമായി സാംഗ്മ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മല്‍സരിച്ച് ജയിച്ച് വീണ്ടും ലോക്‌സഭയില്‍ എത്തി. 2005 ഒക്‌ടോബറില്‍ എംപിസ്ഥാനം രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നു. 2006 ല്‍നടന്ന തെരഞ്ഞെടുപ്പില്‍ എന്‍സിപി അംഗമായി വീണ്ടും ലോക്‌സഭയില്‍. 2008 മാര്‍ച്ചില്‍ വീണ്ടും രാജിവച്ച് മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു.
എന്‍ഡിഎയുടെ പിന്തുണയോടെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിക്ക് എതിരെ മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ പവാറുമായി വീണ്ടും തെറ്റി. തുടര്‍ന്ന് 2012 ജൂണ്‍ 20ന് എന്‍സിപിയില്‍നിന്ന് രാജിവച്ചു. ബിജെപി, എഐഎഡിഎംകെ, ബിജെഡി എന്നിവരുടെ പിന്തുണയോയാണ് സാംഗ്മ മല്‍സരിച്ചത്.
2013 ജനുവരി 5ന് സാംഗ്മ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചു. മേഘാലയ നിയസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടുസീറ്റുകളില്‍ വിജയിക്കുകയും ചെയ്തു.
80 മുതല്‍ 95 വരെ കേന്ദ്രത്തില്‍ സഹമന്ത്രിയായും ഡെപ്യൂട്ടി മന്ത്രിയായും പ്രവര്‍ത്തിച്ചു.95 മുതല്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി.96ല്‍ വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭാ സ്പീക്കറായി. 98ല്‍ വരെ ഈ പദവിയില്‍. ലോക്‌സഭാംഗമെന്ന നിലയ്‌ക്ക് പല പദവികളും വഹിച്ചു. പല പാര്‍ലമെന്ററി സമിതികളിലും അംഗമായി. 2008 ല്‍വീണ്ടും നിയമസഭാംഗം.
96 മുതല്‍ 98 വരെ ദേവഗൗഡയുടേയും ഐ. കെ. ഗുജ്‌റാളിന്റെയും നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരായിരുന്നു ഭരണത്തില്‍. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കിയെങ്കിലും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പതിമൂന്നു ദിവസത്തിനു ശേഷം രാജിവച്ചു. പകരം ദേവഗൗഡയുടെ നേതൃത്വത്തില്‍, ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ സര്‍ക്കാരുണ്ടാക്കി. 96 ജൂണ്‍ ഒന്നുമുതല്‍ 97 ഏപ്രില്‍ 21 വരെയായിരുന്നു ഗൗഡയുടെ ഭരണം. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഐ. കെ. ഗുജറാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നു. 98 മാര്‍ച്ചില്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ഗുജ്‌റാള്‍ സര്‍ക്കാരും വീണു. ഈ രണ്ടുകൊല്ലമാണ് സാംഗ്മ സ്പീക്കറായിരുന്നത്. തമ്മില്‍ തല്ലുന്ന ഘടകകക്ഷികള്‍, പിന്തുണ പിന്‍വലിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കോണ്‍ഗ്രസ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ്. പ്രധാനമന്ത്രി പദമോഹികള്‍ വേറെ…
ഇത്തരമൊരവസ്ഥയിലാണ് സാംഗ്മ ലോക്‌സഭയെ നയിച്ചത്. അതിന് അസാമാന്യമായ പാടവും മെയ്‌വഴക്കവും വേണ്ടിരുന്നു. അത് സാംഗ്മയ്‌ക്ക് വേണ്ടുവോളം ഉണ്ടായിരുന്നു.
സാംഗ്മയുടെ മകളും ‘രണ്ട് ആണ്‍മക്കളും സജീവ രാഷ്‌ട്രീയത്തിലുണ്ട്. പിതാവിന്റെ പാതയില്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന മകള്‍ അഗതാ സാംഗ്മ കഴിഞ്ഞ പാര്‍ലമെന്റില്‍ എംപിയായി, മന്ത്രിയായി. മകന്‍ കോണ്‍റാഡ് സാംഗ്മ മേഘാലയ നിയമസഭയില്‍ പ്രതിപക്ഷ നേതാവാണ്. മറ്റൊരു മകന്‍ ജയിംസ് സാംഗ്മ എംഎല്‍എയാണ്.
















