ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി എംഎല്‍എ അമനാഥുള്ള ഖാനെതിരെ കേസ്. മോദിക്കെതിരെ പ്രസ്താവന നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിവാദമായത്.
ബിജെപി ദല്‍ഹി യൂണിറ്റാണ് ഒഖ്‌ല മണ്ഡലത്തിലെ ജനപ്രതിനിധിയായ ഖാനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന ഘടകം നേതാവായ സതീഷ് ഉപാധ്യായയാണ് പോലീസ് കമ്മീഷണര്‍ അലോക് കുമാറിന് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ കോപ്പിയും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ദളിതര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെയുള്ള നടപടികള്‍ക്കെതിരെയാണ് പരാമര്‍ശം നടത്തിയതെന്നാണ് ഖാന്റെ പ്രതികരണം.
കഴിഞ്ഞമാസം ദല്‍ഹി സര്‍ക്കാരിന്റെ ഉറുദു അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേയാണ് ഖാന്‍ വിവാദമായ പരാമര്‍ശം നടത്തിയത്. എംഎല്‍എയ്‌ക്കെതിരെയുള്ള പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക കമ്മീഷണര്‍ താജ് ഹസന്‍ അറിയിച്ചു.
















