അവതാരപുരുഷന്മാര്‍ ഭൂമിയില്‍ അവതരിച്ചു, അറിവുകേടു കൊണ്ടും അധര്‍മ്മം കൊണ്ടും അധഃപതിച്ചു നരകത്തിനു പാത്രീഭൂതമായിത്തീര്‍ന്നിരിക്കുന്ന ജനങ്ങളെ അറിവുകൊണ്ടും സല്‍ക്കര്‍മ്മങ്ങളെക്കൊണ്ടും അറിവും ധര്‍മ്മവും ഉള്ളവരാക്കിത്തീര്‍ക്കുന്നു. അപ്രകാരം നാം പൂര്‍ണ്ണമായ അറിവിലും പ്രവൃത്തിയിലും എത്തിച്ചേരുമ്പോള്‍ നമ്മളുടെ ജന്മം സഫലമായി. ഇതു തന്നെയാണ് മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യം.
ഇപ്രകാരം പൂര്‍ണ്ണമായ അറിവിലും പ്രവൃത്തിയിലും എത്തിച്ചേര്‍ന്ന് മോക്ഷം സിദ്ധിക്കണമെന്നുള്ളത് നമ്മളുടെ ഓരോരുത്തരുടെയും കടമയും അപ്രകാരം നമ്മെ ആക്കിത്തീര്‍ക്കണമെന്നുള്ളതു ലോകരക്ഷാര്‍ത്ഥം അവതരിക്കുന്ന അവതാരഗുരുക്കന്മാരുടെ കടമയുമാണ്. ഇതിനുദാഹരണമായി നാം നോക്കുന്ന പക്ഷം ഭഗവാന്‍ ക്രിസ്തു ദേവന്‍, ശ്രീകൃഷ്ണഭഗവാന്‍, ശ്രീരാമഭഗവാന്‍, ശ്രീബുദ്ധഭഗവാന്‍, നബിഭഗവാന്‍ ഈ പേര്‍ പറയപ്പെട്ട എല്ലാ പൂര്‍ണ്ണാത്മാക്കളും ലോകരക്ഷാര്‍ത്ഥം അവതരിച്ച അവതാരഗുരുക്കന്മാരണെന്നു നാം അവരുടെ ചരിത്രങ്ങള്‍ വായിക്കുമ്പോള്‍ നമുക്കു മലസ്സിലാക്കുവാന്‍ സാധിക്കുന്നു.
അവര്‍ എല്ലാവരും തങ്ങളുടെ സ്വയംപ്രകാശത്താലാണ് ലോകരെ പ്രകാശമുള്ളവരാക്കിത്തീര്‍ത്തിട്ടുള്ളത്. അതിനു പകരം ഇന്നുള്ളവര്‍ അവരുടെ ചരിത്രങ്ങള്‍ വായിച്ച് മോക്ഷം സിദ്ധിക്കാമെന്നു കാത്തിരിക്കുന്നതു പോലെയല്ലായെന്നു പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അതിനാല്‍ നാം മറ്റുള്ളവരെപ്പോലെ ചരിത്രം വായിച്ചു അതു തന്നെ നമ്മുടെ വിശ്വാസവും രക്ഷയും എന്നു കരുതി ചരിത്രത്തില്‍ കുടുങ്ങിപ്പോകരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു. .
















