ബോവിക്കാനം: ആലൂരില്‍ ഇന്നലെയുണ്ടായ വന്‍ തീ പിടിത്തത്തില്‍ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ നിരവധി റബ്ബര്‍ തൈകള്‍ കത്തി നശിച്ചു. കാസര്‍കോട്ട് നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും തൊഴിലാളികളുമാണ് തീ അണച്ചത്.
കാസര്‍കോട്ട് നിന്ന് അഗ്നിശമന സേനയെത്തുമ്പോഴേക്കും നാട്ടുകാരും തൊഴിലാളികളും തീ അണക്കാന്‍ ആരംഭിച്ചിരുന്നു. പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടങ്ങള്‍ ഏറെയുണ്ടായിരുന്ന ആലൂര് പ്രദേശത്ത് കഴിഞ്ഞ വര്‍ഷമാണ് റബ്ബര്‍ തൈകള്‍ നട്ടത്. ഈ റബ്ബര്‍ തൈകളാണ് തീ പിടിത്തത്തില്‍ അഗ്നിക്കിരയായത്. കഴിഞ്ഞ വര്ഷങ്ങളിളും വേനല്‍ കാലത്ത് ആലൂര് കുന്നില്‍ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടങ്ങളില്‍ നിരവധി തവണ തീ പിടിത്തമുണ്ടായിരുന്നു. അപ്പോഴൊക്കെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നത്.
എല്ലാ വര്‍ഷവും ഇവിടെ തീ പിടിത്തമുണ്ടാവാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബോവിക്കാനം മുതലപ്പാറയിലെ കോര്‍പറേഷന്റെ കശുമാവിന് തോട്ടത്തില്‍ ഉണ്ടായ വന്‍ തീ പിടിത്തത്തില്‍ ഒന്നര ഏക്കറോളം കശുമാവിന് തൈകള്‍ കത്തി നശിച്ചിരുന്നു. അന്നും നാട്ടുകാരും തൊഴിലാളികളും ചേര്‍ന്നാണ് തീയണച്ചത്.
നിരന്തരം തീപിടുത്തമുണ്ടാകുന്നതോടെ മുളിയാറിലെ ബോവിക്കാനത്ത് ഫയര്‍ സ്റ്റേഷന് ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടങ്ങളെറെയുള്ളത് മുതലപ്പാറ, ബാവിക്കര കുന്ന്, മുല്ലച്ചേരിയടുക്കം, ആലനടുക്കം, മൂലടുക്കം, ആലൂര് കുന്ന്, തുടങ്ങിയ പ്രദേശത്ത് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അഗ്നിശമന സേന കാസര്‍കോട്ട് നിന്നെത്തിവേണം തീയണയ്ക്കാന്‍ അപ്പോഴേക്കും എല്ലാം അഗ്നി വിഴുങ്ങിയിരിക്കും.
പ്ലാന്റേഷന് കോര്‍പ്പറേഷന്റെ തോട്ടമുള്ള ഇവിടെ ഇടക്കിടെ തീ പിടിത്തമുണ്ടാകുന്നതിനാല് ബോവിക്കാനത്ത് ഫയര്‍ സ്റ്റേഷന് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് ഫയര്‍ സ്റ്റേഷന് വന്നാല്‍ അത് മുള്ളേരിയ, ആദൂര്‍, എരിഞ്ഞിപ്പുഴ, ഇരിയണ്ണി. കാനത്തൂര്‍, തുടങ്ങിയ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: