മ്യൂണിക്ക്: ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് അപ്രതീക്ഷിത തോല്‍വി. സ്വന്തം മണ്ണില്‍ ബയേണിനെ അട്ടിമറിച്ചത് എഫ്എസ്‌വി മെയ്ന്‍സ് 05. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അലയന്‍സ് അരീനയില്‍ ബയേണിനെ മെയ്ന്‍സ് കെട്ടുകെട്ടിച്ചത്.
ഈ സീസണില്‍ ബുന്ദസ്‌ലീഗയില്‍ ബയേണിന്റെ രണ്ടാം തോല്‍വിയാണിത്. സാംപെയ്‌റോ, കോര്‍ഡോബ എന്നിവര്‍ മെയ്ന്‍സിന്റെ ഗോളുകള്‍ നേടിയപ്പോള്‍ ബയേണിന്റെ ആശ്വാസം റോബന്റെ ബൂട്ടുകളില്‍ നിന്ന്. പരാജയപ്പെട്ടെങ്കിലും 24 കളികളില്‍ നിന്ന് 62 പോയിന്റുമായി ബയേണ്‍ പട്ടികയില്‍ ഒന്നാമത്. മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്ട്മണ്ട് 2-0ന് ഡാംസ്റ്റഡറ്റ് 98നെ പരാജയപ്പെടുത്തി. അഡ്രിയാന്‍ റാമോസ്, എറിക് ഡും എന്നിവര്‍ ബൊറൂസിയയുടെ ഗോള്‍ നേടി.
മറ്റൊരു മത്സരത്തില്‍ വെര്‍ഡര്‍ ബ്രമന്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലെവര്‍ക്യുസനെയും ഹെര്‍ത്ത ബര്‍ലിന്‍ 2-0ന് എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെയും ഷാല്‍ക്കെ 3-2ന് ഹാംബര്‍ഗിനെയും പരാജയപ്പെടുത്തി.
















