മിലാന്‍: ഇന്റമിലാനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ജുവന്റസ് കോപ്പ ഇറ്റാലിയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പാദത്തില്‍ 3-0ന്റെ വിജയം നേടിയ ജുവന്റസ് അനായാസം ഫൈനലില്‍ കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്റര്‍മിലാന്‍ സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദത്തില്‍ നിലവിലെ ചാമ്പ്യന്മാരെ അമ്പരപ്പിച്ച പ്രകടനമാണ് നടത്തിയത്.
നിശ്ചിത സമയത്ത് ഇന്റര്‍ മറുപടിയില്ലാത്ത മുന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. ഇന്ററിന് വേണ്ടി മാഴ്‌സലോ ബ്രോസോവിച്ച് രണ്ടും ഇവാന്‍ പെരിസിച്ച് ഒരു ഗോളും നേടി. ഇതോടെ ഇരുപാദങ്ങളിലുമായി ഗോള്‍നില 3-3 ആയി. തുടര്‍ന്ന് കളി അധികസമയത്തേക്ക് നീണ്ടു. അധികസമയത്തും ഇരുടീമുകള്‍ക്കും വിജയഗോള്‍ നേടാന്‍ കഴിയാതെ വന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടില്‍ 5-3നായിരുന്നു ജുവന്റസ് വിജയിച്ചത്. ജുവന്റസിന് വേണ്ടി കിക്കെടുത്ത ബര്‍സാഗ്ലി, സാസ, മൊറാട്ട, പോഗ്ബ, ബൊനൂച്ചി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഇന്ററിന്റെ പലാസിയോയുടെ കിക്ക് പിഴച്ചു. ബ്രോസോവിച്ച്, റേ മനാജ്, യൂടോ നഗാട്ടോമോ എന്നിവര്‍ക്കാണ് ലക്ഷ്യം കാണാന്‍ കഴിഞ്ഞത്. മെയ് 21ന് നടക്കുന്ന ഫൈനലില്‍ ജുവന്റസിന് എതിരാളികള്‍ എസി മിലാന്‍.
















