തിരുവനന്തപുരം: ശ്രീപത്മനാഭന് നിറപുത്തരിക്കുള്ള നെല്‍ക്കതിര്‍ കൊണ്ടുവരുന്ന പുത്തരിക്കണ്ടം മൈതാനത്തിലെ നെല്‍വയലില്‍ ഡ്രെയിനേജ് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് സംരക്ഷിച്ച പുത്തരിക്കണ്ടത്തെ നെല്‍വയലും പൂന്തോട്ടവും സംരക്ഷിക്കാനാളില്ലാതെ വരണ്ടുണങ്ങി മാലിന്യകേന്ദ്രമായി മാറി.
പുത്തരിക്കണ്ടം മൈതാനത്തിലെ നെല്‍വയലില്‍ ഡ്രെയിനേജ് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് ബിജെപി സംഘം സന്ദര്‍ശിച്ചപ്പോള്‍
മുന്‍നഗരസഭയുടെ കാലത്താണ് കരാര്‍ അടിസ്ഥാനത്തില്‍ പുത്തരിക്കണ്ടത്തെ നെല്‍വയലും പൂന്തോട്ടവും സംരക്ഷിക്കാന്‍ കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ആറുമാസമായി യാതൊരു സംരക്ഷണപ്രവര്‍ത്തികളും നടക്കുന്നില്ല. ഇതോടെ നെല്‍വയലുകള്‍ പൂന്തോട്ടവും നശിച്ചു. ചെളിക്കുന്നായി മാറിയ നെല്‍വയലിലേക്ക് പുത്തിരിക്കണ്ടത്തെ ടോയ്‌ലെറ്റുകളില്‍ നിന്നുള്ള ഡ്രെയിനേജ് മാലിന്യം തുറന്നുവിടുകയും ചെയ്തു.
ഇതോടെ ഇനി അടുത്തെങ്ങും ശ്രീപത്മനാഭന് നിറപുത്തരിക്ക് ഇവിടെനിന്നും ഒരു കതിര്‍പോലും കിട്ടില്ല. നഗരസഭയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ ധര്‍ണ നടത്തി.
മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ എസ്.കെ.പി. രമേശ്, കോട്ടയ്‌ക്കകം സുരേഷ്, ഭാരവാഹികളായ മണക്കാട് സുനില്‍, നന്ദന്‍, ചാല സതീഷ്, സുരേഷ് ആറ്റുകാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















