ശുകന്‍ പറഞ്ഞു: ‘നിനക്ക് കുറ്റമൊന്നുമില്ല, നീയും പരതന്ത്രന്‍ തന്നെ. പ്രഭുവിന്റെ കാര്യം വേണ്ടതുപോലെ ചെയ്യുന്ന നിന്നെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. കള്ളനെയും നല്ലവനെയും തിരിച്ചറിഞ്ഞുവേണം നഗരത്തില്‍ പ്രവേശിപ്പിക്കാന്‍ എന്നുള്ള രാജകല്പ്പനയ്‌ക്കും സദുദ്ദേശ്യമാണുള്ളത്. എനിക്കാണ് തെറ്റ് പറ്റിയത്. പരഗൃഹത്തില്‍ പോകുന്നത് തന്നെയാണ് ഒരുവന്റെ വില കുറയുന്നതിന്റെ കാരണം.’
ഇത് കേള്‍ക്കെ കാവല്‍ക്കാരന്‍ ചോദിച്ചു: ‘മഹാത്മന്‍, എന്താണീ സുഖദുഃഖങ്ങള്‍? ശുഭേച്ഛുക്കള്‍ എന്താണ് ചെയ്യണ്ടത്? ആരാണ് ശത്രു? ആരാണ് ബന്ധു? എല്ലാം എനിക്ക് പറഞ്ഞു തന്നാലും’
ശുകന്‍ തുടര്‍ന്നു: ‘എവിടെയും ലോകം രണ്ടുമട്ടില്‍ കാണപ്പെടുന്നു. ചിലര്‍ ആസക്തര്‍, ചിലര്‍ വിരക്തര്‍. അവരുടെ മനസ്സും രണ്ടു രീതികളിലാണ്. വിരക്തന്മാര്‍ മൂന്നുവിധം ഉത്തമര്‍, അധമര്‍, മദ്ധ്യമര്‍. സക്തന്മാരില്‍ മൂര്‍ഖനും സമര്‍ത്ഥനും ഉണ്ട്. സാമര്‍ത്ഥ്യം ശാസ്ത്രത്തില്‍ നിന്നുണ്ടാവുന്നതും ബുദ്ധിയില്‍ നിന്ന് ജനിക്കുന്നതും ആവാം. ചിലര്‍ യുക്തിയുക്തര്‍, മറ്റുള്ളവര്‍ യുക്തിരഹിതര്‍.’
കാവല്‍ക്കാരന്‍ പറഞ്ഞു: ‘ഭഗവന്‍, എനിക്ക് അങ്ങ് പറയുന്നത് മുഴുവന്‍ മനസ്സിലാവുന്നില്ല. എനിക്ക് മനസ്സിലാവുന്ന വിധത്തില്‍ കാര്യങ്ങളെ ലളിതമായി പറഞ്ഞു തന്നാലും’.
ശുകന്‍ തുടര്‍ന്നു: ഈ ലോകത്തില്‍ ആസക്തിയുള്ളവനെ ആസക്തന്‍ അല്ലെങ്കില്‍ രക്തന്‍ എന്ന് പറയുന്നു. അവനു നാനാ തരത്തിലുള്ള സുഖവും ദുഖവും ഉണ്ടാവുന്നു. ധനം, ഭാര്യ, ഗൃഹം, പുത്രന്‍ എന്നിവയെല്ലാം ഉള്ളപ്പോള്‍ സുഖം. അവയ്‌ക്ക് നഷ്ടമോ കുറവോ ഉണ്ടാവുമ്പോള്‍ ദുഃഖം. അവര്‍ സുഖം ലഭിക്കാനുള്ള മാര്‍ഗ്ഗം തേടിക്കൊണ്ടേയിരിക്കും ആ പരിശ്രമത്തിനു വിഘാതമായി നില്‍ക്കുന്നവരെല്ലാം അവനു ശത്രുവാണ്. സുഖം നല്‍കുന്നവന്‍ ബന്ധു. സമര്‍ത്ഥന്‍ ഒരിക്കലും മോഹവശഗതനാവുകയില്ല. എന്നാല്‍ മൂഢനോ എപ്പോഴും മോഹവിഭ്രമത്തിലാണ്.
ആത്മാരാമന് ഏകാന്തവാസവും വേദാന്തധ്യാനവുമാണ് സുഖം. ലൗകീകവിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ദുഃഖഹേതുക്കളാണ്. ശുഭകാംക്ഷിയായ വിദ്വാന് ശത്രുക്കള്‍ പലരാണ്. കാമക്രോധാദികള്‍ നമ്മുടെ ശത്രുക്കളും സന്തോഷം എന്നത് നമ്മുടെ ഒരേയൊരു ബന്ധുവുമാണ്.’ഇദ്ദേഹം മഹാനായ ജ്ഞാനി തന്നെ’യെന്ന് തീര്‍ച്ചയാക്കി ദ്വാരപാലകന്‍ ശുകനെ ഉള്ളിലേയ്‌ക്ക് കടത്തി വിട്ടു. നല്ല തിരക്കുള്ള വാണിജ്യ സ്ഥലങ്ങളും അങ്ങാടികളും മണിമന്ദിരങ്ങളും നിറഞ്ഞ നഗരം. രാജസ, താമസ, സാത്വിക ഭാവങ്ങള്‍ ഉള്ള മൂന്നുവിധം ജനങ്ങളും അവിടെ വസിക്കുന്നു. രാഗദ്വേഷങ്ങള്‍, കാമലോഭങ്ങള്‍, ജ്ഞാനവിജ്ഞാനങ്ങള്‍, ധനസമൃദ്ധി, എന്നുവേണ്ട അവിടെ എല്ലാത്തരം ലൗകീകതയും ദൃശ്യമായിരുന്നു. ആ ആള്‍ക്കൂട്ടത്തില്‍ രണ്ടാമതൊരു സൂര്യനെപ്പോലെ തേജസ്സാര്‍ന്ന ശ്രീശുകന്‍ നടന്നു നീങ്ങി. വേറൊരു ദ്വാരപാലകന്‍ അപ്പോള്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി.
വെയിലും തണലും തമ്മില്‍ അന്തരമില്ലാത്ത മുനി ഒരു തൂണുപോലെ ഇളകാതെ അവിടെത്തന്നെ നിന്നു. എന്നാല്‍ താമസംവിനാ മറ്റൊരു രാജഭടന്‍ തൊഴുകൈയുമായെത്തി അദ്ദേഹത്തെ അകത്തേയ്‌ക്ക് ആനയിച്ചു. മനോമോഹനമായ അവിടുത്തെ പൂന്തോട്ടങ്ങളും മറ്റും കാണിച്ചുകൊടുത്ത് മുനിയെ അവര്‍ വേണ്ട രീതിയില്‍ ഉപചരിച്ചു. രാജ്യസേവയില്‍ നിപുണരും കാമശാസ്ത്രവിദഗ്‌ദ്ധകളുമായ തരുണികളെ മുനിയുടെ സേവനത്തിനായി നിയോഗിച്ചു.
കാമാര്‍ത്തകളായ അവര്‍ അതീവ കമനീയങ്ങളായ ഒരന്തപുരം അദ്ദേഹത്തിനു കാണിച്ചുകൊടുത്തു. ഉത്തമമായ ഭക്ഷണാദികള്‍ കൊണ്ട് അദ്ദേഹത്തെ സന്തോഷിപ്പിച്ചു. അതീവസുന്ദരനായ കാമദേവനോടൊക്കുന്ന ദേഹവടിവുള്ള ശുകനെക്കണ്ട് ആ നാരീമണികള്‍ കാമപരവശരായി. എന്നാല്‍ ശുദ്ധാത്മാവായ ശുകന്‍ അവരെ മാതൃഭാവത്തിലാണ് കണ്ടത്.
സുഖദുഃഖങ്ങള്‍ തമ്മില്‍ യാതൊരന്തരവും കാണാത്ത ശുകന്‍ ഈ സുന്ദരികളുടെ ചേഷ്ടകള്‍ കണ്ടു വെറുതെ മിണ്ടാതിരുന്നു. അവര്‍ മുനിയ്‌ക്കായി പട്ടുപൂമെത്തയില്‍ ചിത്രകംബളം വിരിച്ച് ഒരുക്കി. ശുകന്‍ കൈകാലുകള്‍ കഴുകി അവിടെയിരുന്ന് തനിക്ക് പതിവുള്ള സന്ധ്യാവന്ദനാദികള്‍ മടികൂടാതെ ചെയ്തു. ഒരു യാമം ധ്യാനത്തിലും പിന്നീട് രണ്ടു യാമം നിദ്രയിലും കഴിഞ്ഞശേഷം ശുകന്‍ ഉണര്‍ന്നു. രാത്രിയുടെ അന്ത്യയാമത്തില്‍ അദേഹം വീണ്ടും ധ്യാനനിമഗ്‌നനായി.
















