കുട്ടനാട്: എസി റോഡില്‍ അപകടം പതിവാകുന്നു. വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. കഴിഞ്ഞദിവസം രാമങ്കരിയില്‍ അമിതവേഗതയിലെത്തിയ വാഹനമിടിച്ച് കാല്‍നടയാത്രക്കാരായ രണ്ടുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. രാവിലെ 6.15ഓടെ രാമങ്കരി സെന്റ് ജോസഫ്‌സ് പളളി കുരിശടിയില്‍ പ്രാര്‍ഥിച്ചശേഷം റോഡിലേക്കിറങ്ങിയ ഇരുനൂറ്റിന്‍പടവില്‍ച്ചിറ വീട്ടില്‍ വര്‍ഗീസ് തോമസ് (68), അറുപതില്‍ച്ചിറവീട്ടില്‍ ശൗര്യാര്‍ (62) എന്നിവരെ ആലപ്പുഴ ഭാഗത്തുനിന്നുവന്ന മിനി ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
വര്‍ഗീസ് തോമസ് തല്‍ക്ഷണവും ശൗര്യാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. മിനിലോറിയിടെ അമിത വേഗതയാണ് അപകടകാരണം. എസി റോഡിലെ പ്രധാനപാലങ്ങളോടൊപ്പം നിര്‍മിച്ചിട്ടുള്ള നടപ്പാലങ്ങളും അപകടക്കെണികളാകുന്നു. രാത്രിയില്‍ വാഹനങ്ങള്‍ നിയന്ത്രണംതെറ്റി ഇരുപാലങ്ങളുടേയും ഇടയിലൂടെ കനാലിലേക്ക് വീഴുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും മനയ്‌ക്കച്ചിറ പാലത്തില്‍ ഇച്തരത്തില്‍ അപകടം സംഭവിച്ചു. പുലര്‍ച്ചെ ആലപ്പുഴ ഭാഗത്തുനിന്ന വന്ന കണ്ടയ്‌നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
എസി റോഡില്‍ പളളാത്തുരുത്തി മുതല്‍ മനയ്‌ക്കല്‍ചിറ വരെയുള്ളഭാഗത്ത് 16 ചെറുപാലങ്ങളാണ്. ഇവയില്‍ മിക്ക പാലങ്ങളുടേയും കൈവരികള്‍ തകര്‍ന്ന നിലയിലാണ്. റോഡിന് ആനുപാതികമായ വീതി മിക്ക പാലങ്ങള്‍ക്കുമില്ലെന്നിരിക്കെ കെഎസ്ടിപിയുടെ നേതൃത്വത്തില്‍ റോഡ് പുതുക്കി പണിതപ്പോഴാണ് പാലങ്ങളോടൊപ്പം നടപ്പാലങ്ങളുടെ നിര്‍മാണവും നടന്നത്. പാതിവഴിയിലുപേക്ഷിച്ച പാലങ്ങളുടെ നിര്‍മാണഘട്ടത്തില്‍തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.
പ്രധാനപാലങ്ങളും ചെറുപാലങ്ങളും തമ്മില്‍ രണ്ട് മീറ്ററോളം അകലമുണ്ട്. മാത്രമല്ല പാലങ്ങളില്‍ വെളിച്ചക്കുറവും അപകടങ്ങള്‍ക്ക് മറ്റൊരു കാരണമാണ്.
















