റോം: ഇറ്റാലിയലീഗില്‍ കരുത്തരായ നാപ്പോളിക്ക് സമനില. തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ ഫിയോറന്റീനയാണ് നാപ്പോളിയെ 1-1ന് സമനിലയില്‍ തളച്ചത്. ഈ കളിയില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്തുള്ള ജുവന്റസുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറയ്‌ക്കാന്‍ നാപ്പോളിക്ക് കഴിയുമായിരുന്നു.
1990നുശേഷം ലീഗ് കിരീടം സ്വപ്‌നം കാണുന്ന നാപ്പോളിക്ക് ഇനിയുള്ള ഓരോ പോരാട്ടവും നിര്‍ണായകമാണ്. ജുവന്റസിന് 27 കളികളില്‍ നിന്ന് 61ഉം നാപ്പോളിക്ക് 58ഉം പോയിന്റുകളാണുള്ളത്. 51 പോയിന്റുള്ള ഫിയോറന്റീന നാലാമതാണ്.
കളിയുടെ ആറാം മിനിറ്റില്‍ ഫിയോറന്റീന ലീഡ് നേടി. കോര്‍ണറിനൊടുവില്‍ ബോക്‌സിലേക്ക് വന്ന പന്ത് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ മാര്‍ക്കസ് അലോണ്‍സോ നാപ്പോളി വലയിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ ഗൊണ്‍സാലോ ഹിഗ്വയിനലൂടെ നാപ്പോളി സമനില പിടിച്ചു. അലോണ്‍സോയുടെ ദുര്‍ബലമായി ക്ലിയര്‍ ചെയ്ത പന്ത് പിടിച്ചെടുത്താണ് ഹിഗ്വയിന്‍ നിറയൊഴിച്ചത്.
പന്ത് കൂടുതല്‍ സമയം കൈവശം വെച്ചിട്ടും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചിട്ടും ക്രോസ്ബാറിനുകീഴില്‍ ഫിയോറന്റീന ഗോളി നടത്തിയ ഉജ്ജ്വല പ്രകടനമാണ് നാപ്പോളിയുടെ വിജയം തടഞ്ഞത്. മറ്റൊരു മത്സരത്തില്‍ സാസ്സുലോ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലാസിയോയെ കീഴടക്കി.
















